ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചെന്നൈ യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ യു.എസ്. പങ്കാളിത്തം ഉറപ്പ് നല്‍കുകയും സംസ്ഥാനത്തെ സിഡിസിയ്ക്ക് കോണ്‍സുല്‍ ജനറല്‍ എല്ലാ പിന്തുണയും നല്‍കുകയും ചെയ്തു.കേരളത്തില്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ തുടങ്ങുന്നതിനെപ്പറ്റി മുഖ്യമന്ത്രിയുമായി കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കയിലെ സിഡിസിയുമായി ഇതിനെ ബന്ധപ്പെടുത്തുന്നതും ചര്‍ച്ചയായി.
കേരളത്തിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ കോണ്‍സുല്‍ ജനറല്‍ അഭിനന്ദിച്ചു. കേരളത്തിന്റെ വാക്സിന്‍ ഉത്പാദനം, ആരോഗ്യ പ്രവര്‍ത്തകരുടെ അമേരിക്കയിലെ തൊഴില്‍ സാധ്യത എന്നിവ സംസാരിച്ചു. കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ് എളുപ്പത്തിലാക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്തു. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ ഐവിഎല്‍പി എക്സ്ചേഞ്ച് പ്രോഗ്രാമില്‍ മന്ത്രി മുമ്പ് പങ്കെടുത്തതില്‍ കോണ്‍സുല്‍ ജനറല്‍ സന്തോഷം രേഖപ്പെടുത്തി.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ചെന്നൈ യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് കള്‍ച്ചറല്‍ അഫയേഴ്സ് ഓഫീസര്‍ സ്‌കോട്ട് ഹര്‍ട്ട്മന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.