NEWS

ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്ന്, ബന്ധിപ്പിച്ചില്ലെങ്കിൽ പിഴ, സമയപരിധി കഴിഞ്ഞാൽ സേവനങ്ങൾ നഷ്ടമാകും

 

ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്ന് (2022 മാർച്ച് 31). വ്യാഴാഴ്ചക്കകം പാൻകാർഡുകളെ ആധാറുമായി ബന്ധിപ്പിക്കാത്ത നികുതി ദായകർക്ക് 500 മുതൽ 1000 രൂപ വരെ പിഴ നൽകേണ്ടിവരു​മെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പു നൽകി. സമയപരിധി കഴിഞ്ഞാൽ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ പ്രവർത്തന രഹിതമാകുവാനും സാധ്യതയുണ്ട്. മാർച്ച് 31ന് ശേഷം ആദ്യ മൂന്ന് മാസത്തേക്ക് 500 രൂപ നൽകി പാൻ-ആധാർ ലിങ്കിങ് പൂർത്തീകരിക്കാം. എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷം ഈ തുക ഇരട്ടിയാകും. പിന്നീട് ലിങ്കിങ് പൂർത്തീകരിക്കാൻ 1000 രൂപ പിഴ നൽകേണ്ടിവരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ്(സിബിഡിടി) അറിയിപ്പിൽ വ്യക്തമാക്കി. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ, അത് പ്രവർത്തനരഹിതമാകും. ആദായ നികുതി പോർട്ടലിൽ ലോഗിൻ ചെയ്ത് ലിങ്കിങ് പൂർത്തീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സിബിഡിടി വ്യക്തമാക്കി.

Signature-ad

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 30 ആയിരുന്നു. എന്നാൽ പ്രക്രിയ പൂർണ്ണമാവാത്തതിനാൽ ഇതിന്റെ സമയപരിധി 2022 മാർച്ച് 31 വരെ നീട്ടുകയായിരുന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾ, നിക്ഷേപം, ബാങ്ക് അക്കൗണ്ട് തുറക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് പാൻ കാർഡ് നമ്പർ ആവശ്യമാണ്. അതിനാൽ പാൻകാർഡ് പ്രവർത്തന രഹിതമായാൽ സാമ്പത്തിക ഇടപാടുകൾ തടസപ്പെടാൻ സാധ്യതയുണ്ട്. മറ്റൊരു പാൻകാർഡിന് അപേക്ഷിക്കാൻ ആകില്ല. ഇതുവഴി പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനോ, വസ്തു വിൽക്കാനോ വാങ്ങാനോ, സാധിക്കാത്ത അവസ്ഥയുണ്ടാകും. പാൻകാർഡ് ഇല്ലെങ്കിൽ ഉയർന്ന ടിഡിഎസ് ഈടാക്കാനും സാധ്യതയുണ്ട്.

 

Back to top button
error: