KeralaLead NewsNEWS

ബംഗാൾ ഉൾകടലിൽ ‘ജവാദ്’ ‘ ചുഴലിക്കാറ്റ് രൂപപ്പെട്ടു; വടക്കൻ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്ത് മുന്നറിയിപ്പ്

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിലുമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുന മർദ്ദം കഴിഞ്ഞ 6 മണിക്കൂറിൽ വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ ‘ജവാദ്’ ചുഴലിക്കാറ്റായി മാറി. നിലവിൽ വിശാഖപട്ടണത്തു നിന്ന് 420 km അകലെയും പാരദ്വീപിൽ നിന്ന് 650 കിലോമീറ്റർ അകലെയും ഗോപാൽപൂരിൽ നിന്ന് 530 km അകലെയുമായി സ്ഥിതി ചെയ്യുന്നു.

വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരാത്തെത്താൻ സാധ്യത. തുടർന്ന് വടക്ക് – വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഡിസംബർ 5 ഓടെ ഒഡിഷ യിലെ പുരി തീരത്ത് എത്തിച്ചേരാൻ സാധ്യത. തുടർന്ന് ഒഡിഷ പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യത. കര തൊടുന്നതോടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കേരളത്തിൽ നിലവിൽ ചുഴലിക്കാറ്റ് ഭീഷണിയില്ല. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Back to top button
error: