NEWS

നവംബറിന്റെ ലാഭം അഥവാ ഷിറയുടെ പോരാട്ടം

ഒരിക്കൽ ഗാർഹിക പീഡനത്തിന് ഇരയായിരുന്നു മുപ്പത്തിമൂന്ന്കാരി ഷിറ ഇസക്കോവ്. ഇപ്പോൾ സ്ത്രീ പീഡനങ്ങൾക്കെതിരെ ജ്വലിക്കുന്ന തീപ്പന്തമാണ് അവർ

ഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ടെൽ അവീവിലാണ് സംഭവം.
ഷിറ ഇസക്കോവ് എന്ന മുപ്പത്തിമൂന്ന്കാരി ഹോസ്പിറ്റലിൽ ബാൻഡേജിൽ പൊതിഞ്ഞ് കിടക്കുന്നു. ഭർത്താവ് കുത്തിയത് 20 തവണയാണ്. അതിന് മുമ്പ് തലയ്ക്കിടിക്കുകയും തൊണ്ടയിൽ ഞെക്കിപ്പിടിക്കുകയും ചെയ്‌തു.
ആ ക്രൂരമായ ഗാർഹികപീഡനത്തിന് ശേഷം അബോധാവസ്ഥയിലായ ഷിറയെ അയൽവാസികളാണ് ഹോസ്പിറ്റലിൽ എത്തിച്ചത്.
ഡോക്ടർമാർ വിധിച്ചത്, സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനുള്ള സാധ്യത കേവലം 20 ശതമാനം മാത്രമാണ്.

ഷിറ പക്ഷെ തിരിച്ചു വന്നത് സാധാരണ ജീവിതത്തിലേയ്ക്ക് മാത്രമായിരുന്നില്ല. പതിനാല് മാസത്തിന് ശേഷം അവർക്ക് ലഭിച്ചത് പുതിയ സ്വരം പോലുമായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾക്കെതിരെ അവർ ടി.വിയിലും മറ്റും സംസാരിക്കാൻ തുടങ്ങി. മുഖത്തെ സ്റ്റിച്ചുകളും കരുവാളിച്ച പാടുകളും ഷിറയോ അവരെ കേൾക്കുന്നവരോ കൂട്ടാക്കിയില്ല. മനുഷ്യാവകാശത്തിന്റെ പേരിൽ പീഡകരെ ‘സംരക്ഷിക്കുകയോ’, വിചാരണ വൈകിപ്പിക്കുകയോ, ശിക്ഷ വച്ചു താമസിപ്പിക്കുകയോ ചെയ്യുന്ന ഇസ്രയേലി നിയമത്തെ അവർ വെല്ലുവിളിച്ചു.
കഴിഞ്ഞ മാസം ഇസ്രായേൽ ഏറ്റവും കൂടുതൽ കേട്ടത് ഷിറയുടെയോ ഷിറയെക്കുറിച്ചുള്ളതോ ആയ വാർത്തകളായിരുന്നു.

ആ വെല്ലുവിളി സമീപകാല ഇസ്രായേലിലെ ഏറ്റവും വലിയ കണ്ണുതുറപ്പിക്കലാണ്. രാജ്യം മൊത്തം ചർച്ച ചെയ്‌ത വിഷയം. എന്തുകൊണ്ട് അപരാധികൾ ശിക്ഷിക്കപ്പെടാൻ വൈകുന്നു…?

ചർച്ചകൾക്ക് ഫലമുണ്ടായി. പീഡകനായ ഷിറയുടെ ഭർത്താവ് ജയിലിലായി. ഇപ്പോൾ വിചാരണ നടക്കുന്നു.

വീട്ടകങ്ങളിൽ ക്രൂശിക്കപ്പെടുന്ന സ്ത്രീകളെ സംബന്ധിച്ച് ഇതൊരു പുത്തനുണർവാണ്. നവംബറിന്റെ ലാഭം എന്ന് പറയാം.
സുനിൽ കെ ചെറിയാൻ

Back to top button
error: