Lead NewsNEWS

പ്രവചനം പിഴച്ച് ബിജെപി, നേതാക്കൾ അവകാശപ്പെടും വിധം ബിജെപി മുന്നോട്ട് പോയോ?

തദ്ദേശ തെരഞ്ഞെടുപ്പിൽ 5000 വാർഡുകളിൽ വിജയം എന്ന ലക്ഷ്യമാണ് ദേശീയ നേതൃത്വം ബിജെപി സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വച്ചത്. സംസ്ഥാന നേതാക്കൾ ആകട്ടെ 3000 എങ്കിലും ലഭിക്കുമെന്ന് കണക്കു കൂട്ടി.എന്നാൽ ലഭിച്ചത് ആകട്ടെ അതിന്റെ പകുതിയും. നിരവധി അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും കേന്ദ്രം ഭരിക്കുന്ന പാർട്ടി ആയിട്ടും ബിജെപിയ്ക്ക് നിരാശ ആയിരുന്നു ഫലം.

1172 പഞ്ചായത്ത്‌ വാർഡുകൾ,38 ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഡുകൾ,2 ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകൾ,320 മുനിസിപ്പൽ വാർഡുകൾ,52 കോർപറേഷൻ വാർഡുകൾ എന്നിവയാണ് ബിജെപിയുടെ സാമ്പാദ്യം.ആകെ നോക്കിയാൽ 1591 വാർഡുകൾ.

2015 ൽ 1205 വാർഡുകളിൽ ആണ് ബിജെപി ജയിച്ചത്. അങ്ങിനെ നോക്കുക ആണെങ്കിൽ ബിജെപി അഞ്ച് കൊല്ലം കൊണ്ട് വളർന്നത് ഏതാണ്ട് 300 ഓളം വാർഡുകളിൽ. പാലക്കാട്‌ നഗരസഭ നിലനിർത്താനായി,എൽ ഡി എഫിൽ നിന്ന് പന്തളം നഗരസഭ പിടിച്ചെടുത്തു എന്നിവയാണ് ബിജെപിയുടെ എടുത്തു പറയാവുന്ന നേട്ടങ്ങൾ.പന്തളത്ത് 30 ൽ 17 വാർഡുകൾ നേടാൻ ബിജെപിയ്ക്കായി.

കണ്ണൂർ കോർപറേഷൻ, അങ്കമാലി,നിലമ്പുർ നഗരസഭകൾ എന്നിവിടങ്ങളിൽ ബിജെപി അക്കൗണ്ട് തുറന്നു.പാലക്കാട്‌,ഷൊർണ്ണൂർ,ചെങ്ങന്നൂർ നഗരസഭകളിൽ ബിജെപി നില മെച്ചപ്പെടുത്തി.കോട്ടയം ജില്ലയിലെ മുത്തോലി, പള്ളിക്കത്തോട്,പത്തനംതിട്ടയിലെ കവിയൂർ, കുളനട, ആലപ്പുഴ ജില്ലയിലെ തിരുവൻവണ്ടൂർ പഞ്ചായത്തുകൾ നേടാൻ പാർട്ടിയ്ക്ക് കഴിഞ്ഞെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം പാർട്ടിയ്ക്ക് സംസ്ഥാനത്തുടനീളം ഉണ്ടായില്ല.

പ്രധാനമന്ത്രി നരേന്ദ്രമോഡി തിരുവനന്തപുരത്ത് എത്തുമ്പോൾ ബിജെപി മേയർ മാലയിട്ട് സ്വീകരിക്കും എന്ന സ്വപ്നം പൊലിഞ്ഞെന്നു മാത്രമല്ല തിരുവനന്തപുരം കോർപറേഷനിൽ ബിജെപി പിന്നോട്ട് പോയി.

ത്രിശൂർ കോർപറേഷൻ ആയിരുന്നു മറ്റൊരു പ്രതീക്ഷ. എന്നാൽ അവിടുത്തെ മേയർ സ്ഥാനാർഥി എന്ന് പറഞ്ഞിരുന്ന ബി ഗോപാലകൃഷ്ണൻ സിറ്റിംഗ് സീറ്റിൽ പരാജയപ്പെടുന്ന അവസ്ഥയുമുണ്ടായി.ശക്തി കേന്ദ്രം എന്ന് പറയുന്ന കാസർഗോഡും പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല.

സംസ്ഥാന സെക്രട്ടറിയുടെ സഹോദരൻ തോൽക്കുന്ന ദുരവസ്ഥയും ഉണ്ടായി. കേന്ദ്ര സർക്കാരിനെ മുൻനിർത്തി എണ്ണ വിലവർധന അടക്കമുള്ള വിഷയങ്ങളും പടലപിണക്കം കാരണം മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറി നിന്നതുമെല്ലാം ബിജെപിയുടെ വിജയത്തെ പ്രതികൂലമായി ബാധിച്ചു. കെ സുരേന്ദ്രൻ -വി മുരളീധരൻ കൂട്ടുകെട്ടിന് നിരാശ പടർത്തുന്നതാണ് ഈ ജനവിധി എന്ന് മാത്രമല്ല ഇടഞ്ഞു നിൽക്കുന്നവർക്ക് കേന്ദ്ര നേതൃത്വത്തോട് കുറച്ചു കൂടി ധൈര്യമായി സംസാരിക്കാനുള്ള വഴിതുറന്നിടുകയും ചെയ്തു ജനവിധി.

Back to top button
error: