NEWS

അഞ്ച് ജില്ലകളിലും കനത്ത പോളിംഗ്‌

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ അഞ്ച് ജില്ലകളിലും കനത്ത പോളിങ്.കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കുള്ള വോട്ടെടുപ്പാണു നടക്കുന്നത്. ആകെ 98.57 ലക്ഷം വോട്ടർമാരാണ് ഉള്ളത്.

7 മണിക്ക് ആരംഭിച്ച പോളിംഗ്‌ ആദ്യ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ 16.80 ശതമാനമാണ് പോളിങ്. രാവിലെ മുതൽതന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. ആകെ വോട്ടർമാർ 98,57,208. സ്ഥാനാർഥികൾ 28,142. സ്ഥാനാർഥികളുടെ മരണത്തെ തുടർന്നു കളമശ്ശേരി മുനിസിപ്പാലിറ്റിയിലെയും തൃശൂർ കോർപറേഷനിലെയും ഓരോ വാർഡുകളിൽ വോട്ടെടുപ്പ് മാറ്റിയിട്ടുണ്ട്. 473 പ്രശ്നസാധ്യതാ ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു ശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനിലാകുകയോ ചെയ്തവർക്കു പിപിഇ കിറ്റ് ധരിച്ച് വൈകിട്ട് 6ന് അകം ബൂത്തിലെത്തി വോട്ട് ചെയ്യാം.

Signature-ad

മികച്ച പോളിംഗ് പ്രതീക്ഷയിലാണ് മുന്നണികൾ. കേരള കോൺഗ്രസുകളുടെ ബല പരീക്ഷണമാണ് രണ്ടാം ഘട്ടത്തെ ശ്രദ്ധേയമാക്കുന്നത്. കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ മേൽക്കൈ നിലനിർത്തുകയാണ് യുഡിഎഫിന്റെ ലക്ഷ്യം.

തൃശൂരിലും പാലക്കാട്ടും ആധിപത്യം നിലനിർത്തുന്നതിനൊപ്പം ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തേയും ഇടതു ചേരിയിലാക്കുകയാണ് എൽഡിഎഫിന്റെ ഉന്നം. പാലക്കാട് നഗരസഭയിൽ കഴിഞ്ഞ തവണ ലഭിച്ച ഭരണം നിലനിർത്തുക ,തൃശൂർ കോർപ്പറേഷനിൽ വൻ മുന്നേറ്റം നടത്തുക. ഇതാണ് ബി ജെ പിയുടെ ലക്ഷ്യം. കോട്ടയത്ത് എൽഡിഎഫ് യുഡിഎഫ് പോരാട്ടം എന്നതിനേക്കാൾ കേരള കോൺഗ്രസിലെ ജോസ് – ജോസഫ് പക്ഷങ്ങളുടെ കൊമ്പുകോർക്കലാണ് ശ്രദ്ധേയം. യഥാർത്ഥ കേരള കോൺഗ്രസിനെ ഈ തെരഞ്ഞെടുപ്പ് നിശ്ചയിക്കുമെന്നാണ് ഇരുവരുടേയും അവകാശ വാദം. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സഭാ തർക്കം അടക്കം നിരവധി വിഷയങ്ങൾ വേറെയുമുണ്ട്.

Back to top button
error: