Breaking NewsLead NewsNEWSWorld

‘ഈ യുദ്ധം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു, അവസാനം സ്വയംരക്ഷയ്ക്ക് ഇറങ്ങേണ്ടിവന്നു… രാജ്യങ്ങളുടെ സ്വാധീനവും പരമാധികാരവും ഇറാൻ മാനിക്കുന്നു, പക്ഷെ മേഖലയിലെ നിങ്ങളുടെ സമാധാനം ഉറപ്പാക്കേണ്ടത് അവിടുത്തെ രാജ്യങ്ങൾ തന്നെ’- ഇറാൻ പ്രസിഡന്റ്

ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തിയ സൈനികാക്രമണത്തിന് പിന്നാലെയാണ് ഇറാന് പ്രതികരിക്കേണ്ടിവന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. യുദ്ധം ഒഴിവാക്കാൻ ഡിപ്ലോമാറ്റിക് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അവസാനം സ്വയംരക്ഷയ്ക്ക് ഇറങ്ങേണ്ടിവന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങളുടെയും സൗഹൃദരാജ്യങ്ങളുടെയും നേതാക്കളോട് അഭിമുഖമായി എക്സിൽ (X) പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്. “പ്രിയപ്പെട്ട സൗഹൃദ- അയൽരാജ്യങ്ങളുമായ നേതാക്കളേ, നിങ്ങളുടെ സഹായത്തോടെയും നയതന്ത്ര മാർഗങ്ങളിലൂടെയും ഈ യുദ്ധം ഒഴിവാക്കാൻ ഞങ്ങൾ ശ്രമിച്ചു, എന്നാൽ അമേരിക്കൻ–സയോണിസ്റ്റ് സൈനികാക്രമണം ഞങ്ങളെ സ്വയംരക്ഷയ്ക്ക് ഇറങ്ങാൻ നിർബന്ധിതരാക്കി” എന്നാണ് പെസെഷ്കിയാൻ പറഞ്ഞത്.

Signature-ad

മേഖലയിലെ രാജ്യങ്ങളുടെ സ്വാധീനവും പരമാധികാരവും ഇറാൻ മാനിക്കുന്നുവെന്നും, മേഖലയിലെ സമാധാനം ഉറപ്പാക്കേണ്ടത് അവിടുത്തെ രാജ്യങ്ങൾ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിലുടനീളം സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനിടെ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) യുദ്ധകാല തീരുമാനങ്ങളിൽ കൂടുതൽ നിയന്ത്രണം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. നിരവധി മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ട സാഹചര്യത്തിലും യുദ്ധ നടപടികൾ തുടരാൻ കമാൻഡ് ചെയിനിൽ അധികാരം താഴേക്കുള്ള ഉദ്യോഗസ്ഥർക്കും നൽകുന്ന സംവിധാനമാണ് ഇതിനകം രൂപപ്പെടുത്തിയിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇത്തരത്തിലുള്ള നീക്കം തെറ്റായ കണക്കുകൂട്ടലുകൾക്കും സംഘർഷം കൂടുതൽ വ്യാപിക്കാനും സാധ്യത ഉണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

അതേസമയം ബുധനാഴ്ച ഇറാൻ നാറ്റോ അംഗരാജ്യമായ തുർക്കിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. ഇറാനിലെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളിൽ IRGCക്ക് ശക്തമായ നിയന്ത്രണമുള്ളതിനാൽ വൻതോതിലുള്ള സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ഉയരാനുള്ള സാധ്യത കുറവാണെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ ഇറാനെതിരായ സൈനികപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന സൂചന അമേരിക്ക നൽകി. അമേരിക്കയും ഇസ്രായേലും ചേർന്ന സൈന്യം ഇറാന്റെ വ്യോമമേഖലയിലെ നിയന്ത്രണം സ്വന്തമാക്കുന്നതിനോട് അടുത്തിരിക്കുകയാണെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റി ഹെഗ്‌സെത്ത് പറഞ്ഞു. തുടർച്ചയായ ആക്രമണങ്ങളിൽ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ദുർബലമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ അറബ് ലീഗ് ഇറാന്റെ മിസൈൽ- ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. അറബ് ലീഗ് മേധാവി അഹമ്മദ് അബുൽ ഗൈത് പുറത്തിറക്കിയ പ്രസ്താവനയിൽ, ഇറാന്റെ ആക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ വൈരുദ്ധ്യത്തിലേക്ക് തള്ളുന്നതാണെന്നും ഇത് ഒരു തന്ത്രപരമായ പിഴവ് ആണെന്നും കുറ്റപ്പെടുത്തി. ഇറാൻ ആക്രമണങ്ങൾ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 22 അംഗരാജ്യങ്ങളടങ്ങിയ അറബ് ലീഗ് മേഖലാ സഹകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായിരുന്നാലും മേഖലാ സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ അതിന് പരിമിതമായ സ്വാധീനമാണുള്ളതെന്ന വിമർശനവും നിലനിൽക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: