ട്രംപിന്റെ ഭീഷണി മുഖവിലയ്ക്കെടുക്കുന്നില്ല!! ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും

മോസ്കോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം ഇന്ത്യ നേരിടുന്ന ഇന്ധന പ്രതിസന്ധിക്ക് പരിഹാരവുമായി റഷ്യ. ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യാൻ തയാറെന്ന് അറിയിച്ചിരിക്കുകയാണ് റഷ്യ. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഇറക്കുമതി തടസപ്പെട്ടതോടെ, ആവശ്യത്തിന് എണ്ണശേഖരമില്ലാത്തതിനാൽ ഇന്ത്യ മറ്റു വഴികൾ തേടാൻ നിർബന്ധിതരായിരുന്നു.
അതേസമയം അമേരിക്കയുടെ സമ്മർദത്തെ മറികടന്നാണ് റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ തീരുമാനമെടുത്തത്. റഷ്യയിൽനിന്നുള്ള ഈ സഹായം ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ ഇന്ധനത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ സഹായിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ, ഖത്തറിൽ നിന്നുള്ള ദ്രാവക പ്രകൃതിവാതകത്തിന്റെ (എൽഎൻജി) വിതരണം നിലച്ച സാഹചര്യത്തിൽ ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഇതോടെ വരാനിരിക്കുന്ന ആഴ്ചകളിൽ റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത് എത്തുന്നതോടെ ഇന്ധനക്ഷാമത്തിന് താൽക്കാലിക ആശ്വാസം ലഭിക്കുമെന്ന് വിവരം. ഇതിനിടെ ഇന്ത്യൻ തീരത്തിനടുത്തുള്ള കപ്പലുകളിലുള്ള എണ്ണ അടുത്ത ആഴ്ചകളിൽ തന്നെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകൾക്ക് വലിയ ആശ്വാസമാകുമെന്നും കരുതപ്പെടുന്നു. യുദ്ധസാഹചര്യങ്ങൾ കാരണം ഇന്ധന വിതരണത്തിൽ തടസമുണ്ടായാൽ ഇന്ത്യയെ സഹായിക്കാൻ തയ്യാറാണെന്ന് റഷ്യ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
ഇറാൻ, ഇസ്രയേൽ, അമേരിക്ക സംഘർഷം കാരണം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതോടെയാണ് ഇന്ത്യയിൽ ക്രൂഡ് ഓയിൽ പ്രതിസന്ധി രൂപപ്പെട്ടത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 40 ശതമാനവും ഈ പാതയിലൂടെയാണ് നടക്കുന്നത്. നിലവിലെ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ശേഖരം ഏകദേശം 25 ദിവസത്തെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ എന്ന് കേന്ദ്രം തന്നെ വ്യക്തമാക്കിയിരുന്നു. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ശേഖരവും പരിമിതമാണ്. രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകൾ പ്രതിദിനം 56 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ സംസ്കരിക്കുന്നവയാണ്. റഷ്യയിൽ നിന്ന് എണ്ണ എത്തിത്തുടങ്ങുന്നതോടെ ഈ പ്രതിസന്ധികൾക്ക് പരിഹാരമാകും.






