നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി!! പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ഗുരുതരാവസ്ഥയിൽ

കൊല്ലം: ക്ഷേത്രോത്സവത്തിനിടെ വിദ്യാർഥിക്ക് മദ്യപസംഘത്തിന്റെ ക്രൂരമർദനം. കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണനെയാണ് ഒരുസംഘം ക്രൂരമായി മർദിച്ചത്. തലയ്ക്കടിയേറ്റ ഹരികൃഷ്ണൻ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസം കൊല്ലം മരുത്തടിയിൽ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവമുണ്ടായത്. ഉത്സവത്തിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘംചേർന്നുള്ള ക്രൂരമർദനത്തിൽ കലാശിച്ചതെന്നാണ് വിവരം. നടന്നുപോകുമ്പോൾ ഹരികൃഷ്ണൻ വഴി തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് മദ്യപസംഘം തർക്കമുണ്ടാക്കിയത്. പിന്നാലെ ഇവർ സംഘംചേർന്ന് ഹരികൃഷ്ണനെ ആക്രമിക്കുകയായിരുന്നു. മരക്കഷണംകൊണ്ട് തലയ്ക്കടിച്ചും നിലത്തിട്ട് ചവിട്ടിയും ഹരികൃഷ്ണനെ പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹരികൃഷ്ണന്റെ നില അതീവഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
മർദനമേറ്റ ഹരികൃഷ്ണൻ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥിയാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.






