Breaking NewsCrimeKeralaLead NewsNEWS

ആദ്യം കയ്യേറ്റം, വഴിമാറി പോയപ്പോൾ വിളിച്ചുവരുത്തി ക്രൂര മർദനം!! ക്ഷേത്ര ഉത്സവത്തിനിടെ വഴിതടഞ്ഞുവെന്ന പേരിൽ മദ്യപ സംഘം വളഞ്ഞിട്ട് ആക്രമിച്ച പോളിടെക്നിക് വിദ്യാർഥിക്ക് ദാരുണാന്ത്യം, രണ്ടുപേർ അറസ്റ്റിൽ, നാലുപേർ ഒളിവിൽ

കൊല്ലം: ക്ഷേത്രോത്സവത്തിനിടെ മദ്യപ സംഘത്തിന്റെ ആക്രമണത്തിൽ ക്രൂരമർദനമേറ്റ പോളിടെക്നിക് വിദ്യാർഥി മരിച്ചു. പുത്തൂർ ഐവർകാല ഈസ്റ്റ് സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണനാണ് (19) മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണൻ നാലുദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.

ഞായറാഴ്ച രാത്രിയാണ് ഹരികൃഷ്ണനെ സംഘംചേർന്ന് ആക്രമിച്ചത്. ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും ബന്ധുക്കളും കൂടിയാണ് മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ തങ്കയങ്കി ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയത്. ഇതിനിടെ വഴിതടഞ്ഞെന്ന പേരിൽ പ്രതികൾ അസഭ്യംവിളിച്ച് ഹരികൃഷ്ണനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ജയകൃഷ്ണനും ബന്ധുക്കളും ഇടപെട്ട് പ്രശ്നം പരിഹരിച്ച് ഹരികൃഷ്ണനുമായി സ്ഥലത്തുനിന്ന് മാറി. പിന്നീട് പ്രതികൾ സഹോദരങ്ങളെ ക്ഷേത്ര ഓഡിറ്റോറിയത്തിനു സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു.

Signature-ad

തടിക്കഷ്ണം കൊണ്ട് തലയ്ക്ക് അടിയേറ്റ ഹരികൃഷ്ണൻ സ്ഥലത്ത് ബോധരഹിതനായി വീണു. ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും കൊണ്ടുപോയി. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളേജിലെ വിദ്യാർഥികളാണ് ഹരികൃഷ്ണനും ജയകൃഷ്ണനും.

കേസിലെ മൂന്നും അഞ്ചും പ്രതികളായ മരുത്തടി കന്നിമേൽചേരി മരോട്ടിമൂട്ടിൽ സുനിൽകുമാർ (58), മരുത്തടി സന്തോഷ് നിവാസിൽ രതീഷ് (51) എന്നിവരെ ശക്തികുളങ്ങര പോലീസ് ബുധനാഴ്ച പിടികൂടിയിരുന്നു. സംഭവം നടന്ന് മൂന്നുദിവസമായിട്ടും പ്രതികളെ പിടികൂടാതിരുന്നതിൽ വ്യാപക പ്രതിഷേധമുണ്ടായതിനു പിന്നാലെയാണ് പ്രതികൾ അറസ്റ്റിലായത്. യുവാവിനെ മർദിച്ച മറ്റ് നാലു പ്രതികൾ ഒളിവിലാണ്. അന്വേഷണത്തിനായി സിറ്റി പോലീസ് കമ്മിഷണർ എം. ഹേമലതയുടെ നിർദേശപ്രകാരം ശക്തികുളങ്ങര പോലീസ് ഇൻസ്പെക്ടർ എം.ആർ. പ്രസാദിന്റെ നേതൃത്വത്തിൽ 10 അംഗ സംഘം രൂപവത്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: