കടബാധ്യത മൂലം മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് നാട്ടില്‍ നിന്ന് മുങ്ങി; യുവാവ് പിടിയില്‍

കൊച്ചി: മരിച്ചെന്ന് വരുത്തിതീര്‍ത്ത് നാട്ടില്‍ നിന്ന് മുങ്ങിയ യുവാവ് പിടിയില്‍. ആലുവ മുപ്പത്തടം സ്വദേശി സുധീറാണ് കോട്ടയത്ത് നിന്ന് പിടിയിലായത്.

കടബാധ്യത മൂലം പെരിയാറില്‍ മുങ്ങിമരിച്ചെന്ന് ഇയാള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പെരിയാറിന്റെ കരയില്‍ വസ്ത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും ആലുവ പെരിയാറില്‍ വലിയ തിരച്ചിലാണ് നടത്തിയത്.

20 മിനുട്ടോളം ആലുവ പെരിയാര്‍ മണപ്പുറത്തിന് സമീപം കടവില്‍ കണ്ട യുവാവ് കുളിക്കാന്‍ ഇറങ്ങി കാണുവാന്‍ ഇല്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ മൂന്ന് ദിവസമായി തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം ലഭിക്കാത്ത സാഹചര്യത്തില്‍ സംഭവത്തില്‍ പൊലീസിന് സംശയം ഉടലെടുത്തു. തുടര്‍ന്നാണ് പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങിയത്. യുവാവ് മുങ്ങിയെന്ന് പറയുന്ന സ്ഥലത്ത് കാര്യമായ അടിയൊഴുക്കില്ല, അതിനാല്‍ തന്നെ ഒരാള്‍ മുങ്ങിപ്പോയാല്‍ കണ്ടെത്താന്‍ വലിയ പ്രയാസമില്ലെന്ന സാഹചര്യത്തിലാണ് പൊലീസിന് അസ്വഭാവികത തോന്നിയത്.

തുടര്‍ന്ന് പൊലീസ് സുധീറിന്റെ ഫോട്ടോ ശേഖരിക്കുകയും പൊലീസ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇത് പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സുധീര്‍ കോട്ടയത്തുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടെ എത്തി പിടികൂടുകയായിരുന്നു.

എട്ട് ലക്ഷം രൂപയുടെ കടബാധ്യതയുള്ളതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *