എല്‍ദോസിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്: സ്റ്റേഷനില്‍ തളര്‍ന്ന് വീണ് പരാതിക്കാരി
തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കോവളം പോലീസ് കേസെടുത്തു. സ്ത്രീയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു, സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കോവളം പോലീസ്, കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറും. യുവതിയുടെ മൊഴി കോവളം പോലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയെടുക്കുന്നതിനിടെ തളര്‍ന്നുവീണ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയെക്കുറിച്ചു പ്രതികരിക്കാന്‍ എല്‍ദോസ് ഇതുവരെ തയാറായിട്ടില്ല.
പേട്ട സ്വദേശിയായ അധ്യാപികയാണ് പരാതിക്കാരി. സെപ്റ്റംബര്‍ 14 ന് എം.എല്‍.എ മര്‍ദിച്ചെന്നു കാട്ടി 28 നാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. കമ്മിഷണര്‍ കോവളം പോലീസിനു പരാതി കൈമാറി. കേസ് പിന്‍വലിക്കാന്‍ കോവളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും അഭിഭാഷകരെയും സഹായികളെയും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.
കുറച്ചു ദിവസം മുന്‍പ് യുവതിയെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്ത് വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കി. ഇന്നലെ വഞ്ചിയൂര്‍ സ്റ്റേഷനില്‍ ഹാജരായ യുവതിയെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടിതിയില്‍ (11) ഹാജരാക്കി. താന്‍ ഒളിവില്‍ പോയതിന്റെ കാരണം യുവതി മജിസ്‌ട്രേറ്റിനോട് വിശദീകരിച്ചു. തുടര്‍ന്ന്, കേസിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് കോടതി കോവളം പോലീസിനോട് ആരാഞ്ഞു. രാവിലെ കോവളം പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് യുവതിയുടെ മൊഴിയെടുത്തു. രഹസ്യമൊഴി രേഖപ്പെടുത്താന്‍ ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല. എല്‍ദോസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് യുവതി പോലീസിനു മൊഴി നല്‍കി.
യുവതി കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്:
എല്‍ദോസ് കുന്നപ്പിള്ളിയുമായി സൗഹൃദത്തിലായിരുന്നു. ആ ബന്ധം വളര്‍ന്ന് ഇരുവരും ശാരീരികവും മാനസികവുമായി അടുത്തു. എല്‍ദോസിനു മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അകലാന്‍ ശ്രമിച്ചു. എല്‍ദോസ് മദ്യപിച്ച് വീട്ടില്‍വന്ന് ബഹളമുണ്ടാക്കി. തന്റെ കൂടെ വന്നില്ലെങ്കില്‍ ഉപദ്രവിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി. കാറില്‍വച്ച് ഉപദ്രവിച്ചു. പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ബലമായി കാറിലേക്കു കയറ്റാന്‍ ശ്രമിച്ചു. അടുത്തുള്ള അടച്ചിട്ട വീട്ടിലേക്കു താന്‍ ഓടിക്കയറി.
നാട്ടുകാര്‍ കോവളം സ്റ്റേഷനില്‍ വിവരം അറിയിച്ചു. പോലീസ് വരുമെന്ന് ഉറപ്പായപ്പോള്‍ എല്‍ദോസിന്റെ പി.എ വന്ന് ഇനി ഇങ്ങനെ ഉണ്ടാകില്ല എന്ന് അറിയിച്ചു. പോലീസുകാര്‍ ചോദിച്ചാല്‍ ഭാര്യയാണെന്നു പറയണമെന്നും ഇല്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. പോലീസെത്തിയപ്പോള്‍ ഭാര്യയാണെന്നു കള്ളം പറഞ്ഞു. പിന്നീട് കാറില്‍ കയറിയപ്പോഴും ഉപദ്രവം തുടര്‍ന്നു. അന്നുതന്നെ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. അവിടെവച്ച് എല്‍ദോസ് മറ്റൊരു കാമുകിയുമായി ഫോണില്‍ സംസാരിച്ചു.
പുലര്‍ച്ചെ 5 മണിയോടെ തന്നെ പേട്ടയിലുള്ള വീട്ടിലെത്തിച്ച് ഇനി ഉപദ്രവിക്കില്ലെന്നും ബന്ധം അവസാനിപ്പിക്കരുതെന്നും അഭ്യര്‍ഥിച്ചു. എല്‍ദോസിന്റെ കാമുകി ഫോണില്‍ വിളിച്ച് സംസാരിച്ചു. കാമുകി വിളിച്ച കാര്യം എല്‍ദോസിനോട് പറഞ്ഞപ്പോള്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് കോള്‍ കോണ്‍ഫറന്‍സില്‍ മൂന്നുപേരും സംസാരിച്ചു, സത്യം ആ സ്ത്രീ തുറന്നു പറഞ്ഞു. എല്‍ദോസ് തന്നെക്കുറിച്ച് മോശം കാര്യങ്ങള്‍ പറയുന്നത് മറ്റൊരു ദിവസം ഫോണില്‍ വിളിച്ചപ്പോള്‍ അവര്‍ വെളിപ്പെടുത്തി. എല്‍ദോസുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കള്ളക്കേസില്‍ കുരുക്കുമെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുമെന്നും പറഞ്ഞ് അപമാനിച്ചു.