അമൃത്സര്‍: പാക്കിസ്ഥാന്‍ ജയിലില്‍ മരിച്ച ഇന്ത്യക്കാരന്‍ സരബ്ജിത് സിങ്ങിന്റെ ഭാര്യ സുഖ്പ്രീത് കൗര്‍ വാഹനാപകടത്തില്‍ മരിച്ചു. ഇരുചക്രവാഹനത്തിന്റെ പിന്നില്‍ യാത്രചെയ്യവെ ഫത്തേപുരിനു സമീപം അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
തിങ്കളാഴ്ച മരിച്ച സുഖ്പ്രീതിന്റെ സംസ്‌കാരം ഇന്ന് ടാണ്‍ തരണിലെ ഭിഖിവിന്‍ഡില്‍ നടക്കും. പൂനവും സ്വപന്‍ദീപ് കൗറുമാണ് മക്കള്‍. സരബ്ജിത്തിന്റെ മോചനത്തിനുവേണ്ടി വിവിധതലങ്ങളില്‍ ശബ്ദമുയര്‍ത്തിയ സഹോദരി ദല്‍ബീര്‍ കൗര്‍ ജൂണില്‍ മരിച്ചിരുന്നു.
പാക്കിസ്ഥാനില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ടെന്നും ചാരപ്രവര്‍ത്തനവും ആരോപിച്ച് 1991 ലാണ് സരബ്ജിത് സിങ്ങിനെ (49) വധശിക്ഷയ്ക്കു വിധിച്ചത്. പക്ഷേ, വിവിധകാരണങ്ങള്‍കൊണ്ട് 2008 മുതല്‍ ശിക്ഷ നടപ്പാക്കുന്നത് അനിശ്ചിതമായി തടഞ്ഞുവച്ചു. എന്നാല്‍, 2013 ഏപ്രിലില്‍ ലഹോറിലെ ജയിലില്‍ സഹതടവുകാരില്‍നിന്നുള്ള ആക്രമണത്തിലാണ് സരബ്ജിത് സിങ് കൊല്ലപ്പെട്ടത്.