കോഴിക്കോട്: മെഡിക്കല്‍ റഫറലില്‍ നിര്‍ദേശിച്ചിട്ടില്ലാത്ത ഏതെങ്കിലും പരിശോധനകള്‍ നടത്താന്‍ എക്സ്റ്റേണല്‍ മെഡിക്കല്‍ സെന്ററുകളില്‍നിന്ന് ആവശ്യപ്പെട്ടാല്‍ യാത്രക്കാര്‍ മെഡിക്കല്‍ സെന്ററിനെ അറിയിക്കണമെന്ന് ഖത്തര്‍ വിസാ സെന്റര്‍.
91446133333 എന്ന നമ്പറിലോ [email protected]/ [email protected] എന്ന ഇ മെയിലിലോ ആണ് അറിയിക്കേണ്ടത്. പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ ശേഷം ചില അപേക്ഷകര്‍ക്ക് മാത്രമാണ് മെഡിക്കല്‍ റഫറല്‍ ഇഷ്യൂ ചെയ്യാറുള്ളത്.
സി.ടി. സ്‌കാന്‍, ക്വാണ്ടി ഫെറോണ്‍ തുടങ്ങി ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന ചില വിപുല പരിശോധനകള്‍ക്ക് മാത്രമാണ് എക്സ്‌റ്റേണല്‍ ഹെല്‍ത്ത് കെയര്‍വെല്‍ ഫെസിലിറ്റികള്‍ സന്ദര്‍ശിക്കാന്‍ നിര്‍ദേശിക്കുന്നത്.
എന്‍.എ.ബി.എല്‍, എന്‍.ബി.എച്ച്. മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളെ കണ്ടെത്തി ഖത്തര്‍ മെഡിക്കല്‍ സെന്റര്‍ എമ്പാനല്‍ ചെയ്തിട്ടുണ്ട്. അധിക വൈദ്യ പരിശോധനകള്‍ക്ക് അതാത് കേന്ദ്രങ്ങളില്‍നിന്ന് ഔദ്യോഗിക രസീത് നല്‍കും.
പരിശോധനയുടെ സ്റ്റാറ്റസ് സംബന്ധിച്ച തുടര്‍ വിവരങ്ങള്‍ ഖത്തര്‍ മെഡിക്കല്‍ സെന്റര്‍ സിസ്റ്റം/ഖത്തര്‍ വിസ സെന്റര്‍ വെബ്‌സൈറ്റ് വഴി അപേക്ഷകര്‍ക്ക് നേരിട്ടു ലഭിക്കും. എന്നാല്‍ എന്തു കാരണത്താലാണ് മെഡിക്കല്‍ അണ്‍ഫിറ്റ് എന്നത് വെളിപ്പെടുത്തില്ല.
മെഡിക്കല്‍ റഫറലുകള്‍ക്കായി അപ്പോയ്മെന്റ് ബുക്ക് ചെയ്യാന്‍ ഖത്തര്‍ വിസ സെന്റര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലൂടെ സാധിക്കുമെന്നും യാത്രക്കാരുടെ ശ്രദ്ധയ്ക്കായി ഖത്തര്‍ വിസാ സെന്റര്‍ അധികൃതര്‍ അറിയിച്ചു.