കള്ളക്കടത്ത് സ്വർണത്തെക്കുറിച്ചുള്ള തർക്കങ്ങളും തട്ടിക്കൊണ്ടു പോകലും കൊലപാതകങ്ങളുമൊക്കെ ഉത്തരകേരളത്തിൽ പതിവു സംഭവങ്ങളാണ്. ഏതാനും മാസം മുമ്പാണ് 19കാരനായ മഷൂദിനെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ചത്. ഈ കേസില്‍ പിടിയിലായ നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ അഷ്ഫി(27) നെ കോടതി റിമാണ്ട് ചെയ്തു. മഷൂദിനെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് കേസ്.
മഷൂദിന്റെ ഗള്‍ഫിലുള്ള ജ്യേഷ്ഠന്റെ കൈവശം സ്വര്‍ണക്കടത്ത് സംഘമേല്‍പ്പിച്ച സ്വർണം സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ. സ്വര്‍ണക്കടത്ത് സംഘം നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് മഷൂദിനെ മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് ഒരു ദിവസം തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പിറ്റേന്നാണ് വിട്ടയച്ചത്. അതിനിടെ മഷൂദിനെ കാണാതായതുമായി ബന്ധപ്പെട്ട് കുടുംബം കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ട് പോയതിനു പിന്നിലെ കാരണം കണ്ടെത്തിയത്. സംഘത്തിലെ ഒരാള്‍ പിടിയിലാകുന്നതും. കാസര്‍കോട് സി.ഐ. പി. അജിത് കുമാര്‍, എസ്.ഐ. ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ വേണു എന്നിവരുടെ നേതൃത്വത്തിലാണ് അഷ്ഫിനെ പിടികൂടിയത്.
വിദ്യാനഗര്‍, കാസര്‍കോട്, ബദിയടുക്ക സ്റ്റേഷനുകളിലായി അഷ്ഫാഖിനെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മയക്ക്മരുന്ന് കടത്ത്, ക്വട്ടേഷന്‍ അക്രമം, വധശ്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ്. നേരത്തെ കാപ്പ ചുമത്തി ജയിലിലാക്കിയിരുന്നു.