കോവളം: പാലപ്പൂര് ജംക്ഷനു സമീപം കുന്താലംവിള വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ നിർമല(56)യുടെ മൃതദേഹം വീടിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു തിരുവല്ലം പൊലീസ് അറിയിച്ചു.
വീടിനു സമീപത്തെ വാഴക്കൂട്ടത്തിനോടു ചേർന്നാണു മൃതദേഹം കിടന്നിരുന്നത്. കാലിന്റെ അഗ്രഭാഗമൊഴികെ കത്തിച്ചാമ്പലായിരുന്നു. ഇളയ മകൻ രഞ്ജിത്തിനും കുടുംബത്തിനും ഒപ്പമാണു നിർമല താമസിച്ചിരുന്നത്. രാവിലെ അമ്മയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണു കത്തിക്കരിഞ്ഞ നിലയിൽ കണ്ടതെന്നു രഞ്ജിത് പൊലീസിനോടു പറഞ്ഞു.
എന്നാൽ തൊട്ടടുത്തു താമസിക്കുന്നവരാരും നിലവിളിയോ ബഹളമോ കേട്ടില്ലെന്നും സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. രാജേഷ്, രതീഷ് എന്നിവരാണു മറ്റു മക്കൾ. മരുമക്കൾ: സൗമ്യ, ശരണ്യ, ശ്രീദേവി.