തിരുവനന്തപുരം: സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തു തൊഴിലിനായി കാത്തിരിക്കുന്നവരിൽ എൻജിനീയറിങ് യോഗ്യതയുള്ള 85,606 പേർ. ഇതിൽ 47,400 പേർ എൻജിനീയറിങ് ബിരുദധാരികളും 38,206 പേർ ഡിപ്ലോമ യോഗ്യതയുള്ളവരുമാണ്. എംബിബിഎസ് പാസായ 8,559 പേരും സംസ്ഥാനത്തെ 85 എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലായി റജിസ്റ്റർ ചെയ്തവരുടെ പട്ടികയിലുണ്ട്.
ബിരുദധാരികളായ തൊഴിലന്വേഷകരിൽ വനിതകളാണു കൂടുതൽ; 7158 ഡോക്ടർമാരും 26,163 എൻജിനീയർമാരും. ജോലിക്കായി സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരുടെ ആകെ സംഖ്യ 29,17,007. ഇതിൽ 18.52 ലക്ഷം പേരും വനിതകളാണ്. ഈ വർഷം മാർച്ച് 31 വരെയുള്ള കണക്കാണിത്. പുരുഷന്മാർ:10,64,871, ട്രാൻസ്ജെൻഡർ: 30. പട്ടികജാതി വിഭാഗത്തിൽ നിന്ന് 5,43,721 പേരും പട്ടിക വിഭാഗത്തിൽ(എസ്‍ടി) നിന്ന് 43,874 പേരുമുണ്ട്. തൊഴിൽ തേടുന്നവരുടെ എണ്ണത്തിൽ തിരുവനന്തപുരം ജില്ലയാണു മുന്നിൽ.