തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനു വേണ്ടിയുള്ള സർവേക്കല്ലിടൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി മരവിപ്പിച്ചെന്നു സൂചന. ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നശേഷം സംസ്ഥാനത്ത് എവിടെയും കല്ലിടൽ നടന്നിട്ടില്ല. കല്ലിടൽ പ്രദേശത്തെ സംഘർഷവും അതു തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു സർക്കാരിനുണ്ടാക്കുന്ന ക്ഷീണവും മുന്നിൽ കണ്ടാണു പിൻമാറ്റം.
ഔദ്യോഗികമായി എവിടെയും കല്ലിടൽ നിർത്തിയിട്ടില്ലെന്നാണു കെ– റെയിൽ അവകാശപ്പെടുന്നത്. എന്നാൽ എവിടെയാണ് അടുത്ത ദിവസം കല്ലിടുന്നതെന്നോ, കല്ലിടൽ എപ്പോൾ പുനരാരംഭിക്കുമെന്നോ ഉള്ള ചോദ്യങ്ങൾക്കു വ്യക്തമായ മറുപടിയില്ല. സംഘർഷ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ ഏജൻസികൾ കല്ലിടൽ നടത്തുമെന്നാണു കെ–റെയിലിന്റെ മറുപടി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ജനരോഷം ഭയന്നാണു കല്ലിടൽ നിർത്തിവച്ചതെന്നും എവിടെ കല്ലിട്ടാലും പിഴുതെടുക്കുമെന്നുമാണു പ്രതിപക്ഷത്തിന്റെ നിലപാട്.