റോഡിനിരുവശവും കാടുകളാണ്.പേരറിയാത്ത ഏതൊക്കെയോ മരങ്ങൾ.പശ്ചാത്തലത്തിൽ നീലഛവി പടർന്ന നീലഗിരിക്കുന്നുകൾ.മുന്നോട്ടു പോകുന്തോറും കാട് കനത്തു വരുന്നു.
മുതുമലയിൽ നിന്ന് ഊട്ടിയിലേക്കുള്ള വഴിയരികിലെ സുന്ദരമായ ഒരു വനഗ്രാമമാണ് മസിനഗുഡി. മസിനഗുഡിയിൽ നിന്ന് മുപ്പത്തിരണ്ടു ഹെയർപിന്നുകൾ കയറിയാൽ ഊട്ടിയായി.
പ്രത്യേകതകൾ ഒരുപാടുണ്ടെങ്കിലും കാടിന്റെ കാഴ്ചകളും കാടിനുള്ളിലൂടെയുള്ള യാത്രകളുമാണ് മസിനഗുഡിയെ വിത്യസ്തമാക്കുന്നത്.വേനലിലും പച്ചപുതഞ്ഞു കിടക്കുന്ന കാട്, കണ്ണിനു കുളിരേകി നിഷ്കളങ്കത ചന്തം ചാർത്തിയ മാൻപേടകൾ,ആന,മയിൽ, കാട്ടുപന്നി,കടുവ,കരടി,കുരങ്ങ്,
ഉണർത്തുപാട്ടായി കിളികളുടെ കളകൂജനം…! യാത്രകളെ പ്രണയിക്കുന്നവരുടെ എന്നത്തേയും പ്രിയ ഇടമാണ് മസിനഗുഡി.കാടകങ്ങളെ നെഞ്ചിലേറ്റുന്ന ഏതൊരു സഞ്ചാരിയുടേയും ഇഷ്ടയിടം.
മുതുമല വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മസിനഗുഡി.എങ്കിലും ആധുനികതയുടെ ആർഭാടം നേരിയ രീതിയിൽ ഇന്ന് ചുറ്റിലും കാണാൻ സാധിക്കും.പ്രകൃതിയുടെ കുളിരു തേടിയെത്തുന്ന യാത്രികരെ സ്വീകരിക്കാൻ കാടിനുള്ളിൽ കെട്ടിപ്പൊക്കിയ ധാരാളം റിസോർട്ടുകളാണ് അതിലൊന്ന്.
മസിനഗുഡി യാത്രകളുടെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഗുഡല്ലൂർ. ഗൂഡല്ലൂരിൽ നിന്നും മൈസൂർ റോഡിൽ ഏകദേശം 17 കിലോമീറ്റർ സഞ്ചരിച്ചാൽ തൈപ്പക്കാട് എന്ന സ്ഥലത്തെത്താം. മസിനഗുഡിയിലേക്കുള്ള വഴി ഇവിടെ നിന്നാണ് തിരിയുന്നത്. നേരം പോയാൽ മൈസൂരും വലത്തേക്കുള്ള വഴി പിടിച്ചാൽ മസിനഗുഡി-ഊട്ടി റോഡുമാണുള്ളത്. ഇനി ഇടത്തോട്ടുള്ള റോഡ് കൊണ്ടുപോവുക മോയാറിലേക്കാണ്.
കാടിനുള്ളിലൂടെയുള്ള ജംഗിൾ സഫാരിയും വന്യമൃഗങ്ങളുടെ ദർശനവും രാത്രിയിലെ കോടമഞ്ഞിലൂടെയുള്ള നടത്തവും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ.മസിനഗുഡിയിലെത്തിയാൽ പിന്നെ തീർച്ചയായും പോയിരിക്കേണ്ട ഒരിടം ഊട്ടി തന്നെയാണ്. ഊട്ടിയിലെ കാഴ്ചകളിലുപരിയായി ഇവിടേക്കുള്ള വളവുകൾ നിറഞ്ഞ റോഡാണ് സഞ്ചാരികളെ ഊട്ടിയിലേക്ക് വണ്ടി തിരിക്കാൻ പ്രേരിപ്പിക്കുന്നത്.രണ്ടു വശവും നിറഞ്ഞ കാടിനു നടുവിലൂടെ 36 ഹെയർപിൻ വളവുകളുള്ള കല്ലിട്ടി ചുരത്തിലൂടെയുള്ള യാത്ര ആരെയും മയക്കുന്ന ഒന്നുതന്നെയാണ്.
ഒക്ടോബർ മുതൽ മേയ് വരെയുള്ള സമയമാണ് മസിനഗുഡി സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ഈ സമയത്താണ് ഇവിടുത്തെ കാടിന്റെയും മലകളുടെയും ഭംഗി അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുവാൻ സാധിക്കുക.