പാലക്കാട് നഗരത്തിലെ ഒമ്പത് സിസി ടിവി ക്യാമറകള്‍ പരിശോധിക്കുന്നു; ദൃശ്യങ്ങളില്‍ രാഹുല്‍ പോയ വഴി കിട്ടുമോ എന്ന് പ്രതീക്ഷ; രാഹുലിന്റെ ഫ്‌ളാറ്റിലെ പരിശോധന കഴിഞ്ഞു; നാളെ വീണ്ടും അന്വേഷണസംഘം ഫ്‌ളാറ്റിലെത്തും; ഫോണുകള്‍ കിട്ടിയില്ല; ഒരു മാസത്തെ സിസിടിവി ഫൂട്ടേജുകള്‍ കിട്ടി

പാലക്കാട്: പാലക്കാട് നഗരത്തിലെ ഒമ്പത് സ്ഥലങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ തപ്പിയെടുത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനായി പോലീസിന്റെ വ്യാപക തിരച്ചില്‍. പാലക്കാട് ജില്ലയില്‍ രാഹുലിന് സ്വാധീനമുള്ള നിരവധി ഹൈഡ് ഔട്ട്‌സ് ഉള്ളതിനാലും രാഹുലിന്റെ അടുത്ത സുഹൃത്തുക്കളില്‍ പലരും പാലക്കാടുള്ളതിനാല്‍ അവര്‍ ഒരുക്കിക്കൊടുക്കുന്ന സ്ഥലങ്ങളിലുമെല്ലാം രാഹുലിന് സുരക്ഷിതമായി ഇരിക്കാമെന്നതിനാലും ഇത്തരം സ്ഥലങ്ങള്‍ അന്വേഷിക്കുകയാണ് പോലീസ്.
പാലക്കാട നഗരത്തിലെ ഒമ്പത് സ്ഥലങ്ങളിലെ സിസി ടിവി ക്യാമറകള്‍ പരിശോധിച്ച് പോലീസ് രാഹുലിന്റെ റൂട്ട് മാപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒമ്പത് സിസി ടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ ചേര്‍ത്തുവെച്ച് എന്തെങ്കിലുമൊരു സൂചന കിട്ടുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് കണ്ണാടിയില്‍ നിന്നും മുങ്ങിയതു മുതലുള്ള ദുശ്യങ്ങള്‍ ആണ് പരിശോധിക്കുന്നത്. എസ്‌ഐടിയുടെ ആവശ്യപ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്.
അതിനിടെ ലൈംഗിക പീഡന കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഫ്‌ളാറ്റിലെ പരിശോധന പൂര്‍ത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഫ്‌ളാറ്റില്‍ നിന്ന് ഫോണുകളൊന്നും കണ്ടുകിട്ടിയിട്ടില്ലെന്നാണ് പറയുന്നത്. അതേസമയം ഫ്‌ളാറ്റിലെ സിസിടിവി ഫൂട്ടേജുകള്‍ പോലീസ് ശേഖരിച്ചു. ഇതില്‍ രാഹുല്‍ അവസാനം ഫ്‌ളാറ്റില്‍ വന്നതും പോയതും രാഹുലിനെ കാണാന്‍ വന്നവരുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. ഇതും പോലീസ് പരിശോധിക്കും. രാഹുലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ഫസലിനെ ഇന്ന് ചോദ്യം ചെയ്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്തും.
ഫ്‌ളാറ്റില്‍ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപ് ആണെന്നാണ് പറയുന്നത്. നാളെ അന്വേഷണ സംഘം വീണ്ടും ഫ്‌ളാറ്റില്‍ എത്തും. ഫ്‌ളാറ്റിന്റെ കെയര്‍ടേക്കറില്‍ നിന്ന് വിവരങ്ങള്‍ തേടും.
ഇന്ന് രാവിലെ ഫ്‌ളാറ്റില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തില്‍ അഞ്ചംഗ സംഘം ഫ്‌ളാറ്റിലെത്തുകയായിരുന്നു. സംഘത്തിലെ എല്ലാവരും ഫ്‌ളാറ്റിനുള്ളില്‍ കയറി പരിശോധന നടത്തി. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള കേരള പോലീസിന്റെ നീക്കം. ഇതിനായുള്ള നിര്‍ണായക അന്വേഷണമാണ് നടക്കുന്നത്. യുവതി നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് പോലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാടുള്ള കുന്നത്തൂര്‍ മേട്ടിലുള്ള ഫ്‌ളാറ്റിലാണ് പരിശോധ നടക്കുന്നത്. ഇന്നലെ രാത്രിയാണ് എസ്‌ഐടി സംഘം പാലക്കാട് എത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് രാഹുലിന്റെ അറസ്റ്റിന് തടസമല്ലെന്നാണ് പോലീസ് ആവര്‍ത്തിക്കുന്നത്.






