Breaking NewsLead NewsSportsTRENDING

സെഞ്ചുറിക്കു പിന്നാലെ വിവാഹ മോതിരത്തില്‍ ചുംബിച്ച് കോലി; ഗ്രൗണ്ടിലെത്തി കാലില്‍ വീണ് ആരാധകന്‍; അന്തം വിട്ട് കോലിയും രാഹുലും

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ സെഞ്ചറി നേടിയതിനു പിന്നാലെ ഇന്ത്യന്‍ താരം വിരാട് കോലിയുടെ കാല്‍തൊട്ടു വണങ്ങി ആരാധകന്‍. ഗ്രൗണ്ടില്‍ ഉയര്‍ന്നുചാടിയാണ് കോലി സെഞ്ചറി നേട്ടം ആഘോഷിച്ചത്. പിന്നാലെ ഹെല്‍മറ്റും ഗ്ലൗസും ഊരി കഴുത്തിലെ മാലയിലിട്ടിരിക്കുന്ന വിവാഹമോതിരത്തില്‍ ചുംബിച്ചു. അപ്പോഴാണ് ഒരു യുവ ആരാധകന്‍ ഗാലറിയില്‍നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലെത്തിയത്. കോലിയുടെ സമീപമെത്തിയതിനു ശേഷം ഇയാള്‍ കാലില്‍ വീണു നമസ്‌കരിക്കുകയായിരുന്നു.

പിന്നാലെ ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ ഇയാളെ പിടിച്ചുകൊണ്ടുപോയി. അപ്രതീക്ഷിത സംഭവത്തില്‍ കോലിയും അന്തംവിട്ടെങ്കിലും സാഹചര്യത്തെ താരം സമന്വയത്തോടെ കൈകാര്യം ചെയ്തു. ആരാധകനെ കോലി പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്തു. കോലിയുടെ തൊട്ടടുത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ.എല്‍.രാഹുലുമുണ്ടായിരുന്നു. കോലിയുടെ സെഞ്ചറി നേട്ടത്തിനു പിന്നാലെ കയ്യടിച്ചു കൊണ്ട് ഡ്രസിങ് റൂമില്‍ എഴുന്നേറ്റുനിന്ന രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, ആര്‍ഷ്ദീപ് സിങ്ങും തുടങ്ങിയവരും സംഭവം പുഞ്ചിരിയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു.

Signature-ad

ഏകദിന ഫോര്‍മാറ്റിലെ 52ാം സെഞ്ചറിയാണ് കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയത്. ഇതോടെ ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ (ടെസ്റ്റ്, ഏകദിനം, ട്വന്റി20) ഏറ്റവും കൂടുതല്‍ സെഞ്ചറി നേടുന്ന താരമെന്ന റെക്കോര്‍ഡ് വിരാട് കോലിക്ക് സ്വന്തമാക്കി. 51 ടെസ്റ്റ് സെഞ്ചറികളുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. രാജ്യാന്തര കരിയറിലെ 83ാം സെഞ്ചറിയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആറാം സെഞ്ചറിയും റാഞ്ചി സ്റ്റേഡിയത്തിലെ മൂന്നാം സെഞ്ചറിയുമാണ് കോലി നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ച് സെഞ്ചറികള്‍ വീതമുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും ഡേവിഡ് വാര്‍ണറുടെയും റെക്കോര്‍ഡും കോലി മറികടന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: