ഹരീഷേ, ധര്‍മജന്‍ എന്തുകൊണ്ടാണ് അതു പരസ്യമായി പറയാതിരുന്നത്? കടം വാങ്ങിയത് തിരികെ ചോദിച്ചതിന് എആര്‍എം സിനിമയില്‍നിന്ന് ഒഴിവാക്കിയെന്ന ആരോപണത്തില്‍ മറുപടിയുമായി സംവിധായകന്‍

കൊച്ചി: കടം നൽകിയ പണം തിരികെ ചോദിച്ചതിന് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ പല സിനിമകളിൽ നിന്നും തന്നെ ഇല്ലാതാക്കിയെന്ന് ഹരീഷ് കണാരൻ വെളിപ്പെടുത്തിയതിനു ശേഷം പ്രതികരണവുമായി സംവിധായകൻ ജോൺ ഡിറ്റോ. ‘അജയന്റെ രണ്ടാം മോഷണം’ അടക്കമുള്ള സിനിമകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടെന്നും സിനിമാ മേഖലയിൽ തന്നെക്കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിച്ചെന്നും ഹരീഷ് വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ പ്രമുഖ പ്രൊഡക്‌ഷൻ കൺട്രോളർക്ക് കടമായി നൽകിയ 20 ലക്ഷം രൂപ തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ തന്നെ പല സിനിമകളിൽ നിന്നും ഒഴിവാക്കയതെന്ന് ഹരീഷ് വെളിപ്പെടുത്തിയിരുന്നു.
സിനിമയിലെ സഹപ്രവർത്തകർ തമ്മിൽ കടം വാങ്ങുന്നത് സ്വാഭാവികമാണ്. അതിൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വിളിച്ചുപറഞ്ഞ് വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല എന്നാണ് സംവിധായകൻ കുറിപ്പിലൂടെ പറഞ്ഞത്. ധർമജനും സമാനമായ പ്രശ്നം ഉണ്ടായപ്പോളും അയാൾ അത് വിളിച്ചു പറഞ്ഞിട്ടില്ലെന്നും സംവിധായകൻ സൂചിപ്പിച്ചു.
സംവിധായകന്റെ കുറിപ്പിന്റെ പൂർണരൂപം
നടൻ ഹരീഷ് കണാരൻ പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ എം ബാദുഷയ്ക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നു.
ഹരീഷിനോട് 20 ലക്ഷം രൂപ ബാദുഷ വാങ്ങി, സമയത്ത് കൊടുത്തില്ല എന്നാണ് ആരോപണം. പണം തിരികെ ചോദിച്ചപ്പോൾ എആർഎം എന്ന സിനിമയിൽ നിന്നു ഉൾപ്പെടെ പല സിനിമകളിൽ നിന്നും മാറ്റിനിർത്തി എന്നും ഹരീഷ് ആരോപിച്ചിരിക്കുന്നു.
എൻ എം ബാദുഷ തട്ടിപ്പ് നടത്തുന്ന ആളായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. സിനിമാ നിർമാണം റിലീസിംഗ് തുടങ്ങിയവയ്ക്ക് വേണ്ടിവരുന്ന വലിയ സാമ്പത്തിക ചിലവ് പരിഹരിക്കാൻ പലപ്പോഴും പ്രൊഡ്യൂസർമാരും പ്രൊഡക്ഷൻ കൺട്രോളർമാരും ഇൻഡസ്ട്രിയിൽ നിന്ന് തന്നെ പണം കടം വാങ്ങാറുണ്ട്. പറഞ്ഞ സമയത്ത് കൊടുക്കാൻ പറ്റിയിട്ടുമുണ്ടാകില്ല.
ബാദുഷ ഹരീഷ് കണാരനിൽ നിന്ന് മാത്രമല്ല ധർമ്മജൻ ബോൾഗാട്ടിയോടും പണം വാങ്ങിയിട്ടുണ്ട് എന്ന് ഹരീഷ് പറയുന്നു. ഹരീഷേ, എന്നിട്ട് ധർമ്മജൻ എന്തുകൊണ്ടാണ് താങ്കൾ ചെയ്ത വിധം പരസ്യമായി അത് പറയാതിരുന്നത്? അവഹേളിക്കാത്തത്? പിന്നെ താങ്കൾ പറഞ്ഞ ഒരു പ്രധാന കാര്യം എആര്‍എം എന്ന സിനിമയിൽ നിന്ന് ബാദുഷ താങ്കളെ ഒഴിവാക്കാൻ ശ്രമിച്ചു എന്നാണ്. എആര്‍എമ്മിൻ്റെ സംവിധായകൻ താങ്കളോട് പറഞ്ഞത്രേ. എആർഎം എന്ന സിനിമയുടെ സംവിധായകനോട് ചോദിക്കട്ടെ, താങ്കളുടെ സിനിമയിൽ ഹരീഷിനെപ്പോലെ മുതിർന്ന താരത്തെ കാസ്റ്റ് ചെയ്യുന്നത് താങ്കൾ നേരിട്ട് അല്ലേ?
ഹരീഷേ, സിനിമ ഇറങ്ങിക്കഴിഞ്ഞിട്ടാണ് താങ്കളെ കാസ്റ്റ് ചെയ്തിരുന്നു എന്ന് താങ്കൾ അറിഞ്ഞത് എന്നത് കൃത്യമായ ഡ്രാമയാണ്. ടോവിനോയെപ്പോലെ ഒരു താരത്തിന്റെ ബിഗ് ബജറ്റ് സിനിമ വരുമ്പോൾ സ്വാഭാവികമായും താങ്കൾ ഡയറക്ടറെ വിളിക്കും. താങ്കളെക്കാൾ വലിയ താരമായ സുരാജ് വെഞ്ഞാറമൂട് വലിയ സിനിമകളുടെ വേഷം കിട്ടാൻ അങ്ങോട്ടു വിളിച്ചതായി അറിയാം. ഇനി താങ്കളുമായി ഒരു പ്രശ്നം നിലനിൽക്കെ ഒരുമിച്ചു വർക്ക് ചെയ്യാൻ കംഫർട്ട് അല്ല എന്നതിനാൽ താങ്കളെ ഒഴിവാക്കി എന്നതിൽ എന്താണ് തെറ്റ്? താങ്കൾ ഒഴിവാക്കാനാവാത്ത നടനെന്നുമല്ലല്ലോ. മലയാള സിനിമയിൽ.
ബാദുഷ വാങ്ങിയ 20 ലക്ഷം രൂപ താങ്കൾക്ക് ഉടൻ അദ്ദേഹം തിരിച്ചു തരും. അപ്പോഴും താങ്കൾ ഉണ്ടാക്കിയ ഡാമേജ് ബാദുഷയിൽ നിന്ന് മാറ്റാൻ താങ്കൾക്ക് സാധിക്കുമോ?
താങ്കളുടെ 20 ലക്ഷം രൂപ കടം വാങ്ങി പറ്റിച്ച് മലയാള സിനിമയിൽനിന്ന് ബാദുഷ എവിടെപ്പോയി ഒളിക്കാനാണ്? അയാൾ പ്രൊഡക്ഷൻ ബോയ് ആയി തുടങ്ങി, കൺട്രോളറായി നിർമാതാവായി, രണ്ടും ഒരുമിച്ച് ചെയ്തുകൊണ്ട് മുന്നോട്ടുപോകുന്നു. ബാദുഷയെ ചില കാര്യങ്ങളിൽ നേരിട്ട് വിമർശിച്ച് എഴുതിയിട്ടുള്ള ആളാണ് ഞാൻ. എന്നെ ഒരു വിധത്തിലും സിനിമയിൽ സഹായിച്ചിട്ടുള്ള ആളുമല്ല.
പക്ഷേ സാമ്പത്തിക പ്രശ്നം ഉണ്ടാകുമ്പോൾ സുഹൃത്തുക്കളിൽ നിന്നും ഒക്കെ കടം വാങ്ങി സിനിമാരംഗത്ത് നിൽക്കുന്ന ഒരാളെ ഒരു സാമൂഹ്യവിരുദ്ധൻ, തട്ടിപ്പുകാരൻ, എന്ന നിലയിൽ അവതരിപ്പിക്കുന്നത് അല്പം കടന്നകയ്യാണ് ഹരീഷേ.
പ്രൊഡക്ഷൻ രംഗത്തേക്ക് വന്ന് സിനിമയുടെ നിർമാതാക്കൾ വരെയായിമാറി വിജയപരാജയങ്ങൾ നേരിട്ട്നിൽക്കുന്ന പലരെയും എനിക്ക് അറിയാം. ബാദുഷയും അത്തരത്തിൽ ഒരാളാണ്. ബാദുഷയ്ക്കും അനിൽ മാത്യുവിനും ഒക്കെ സംഭവിച്ചതെന്താണ്? കൃത്യമായ സാമ്പത്തിക ആസൂത്രണത്തിന്റെയും മാനേജിങ്ങിൻ്റേയും കുറവ് തന്നെ. ആ വീഴ്ചയ്ക്ക് വളമാകുന്നത് പലപ്പോഴും കാരണമാകുന്നത് ചില താരങ്ങൾ തന്നെയാണ്. താരങ്ങൾക്ക് നഷ്ടമേ ഇല്ല. സെലിബ്രിറ്റി സ്റ്റാറ്റസ്. സ്റ്റേജ് ഷോകൾ. എല്ലാം വരുമാനമാർഗങ്ങൾ മാത്രം. എന്നാൽ പ്രൊഡക്ഷൻ കൺട്രോളർമാരെ സ്വന്തം പിആർഒ മാരാക്കുന്ന താരങ്ങൾ അവരെ സമയത്ത് ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.
പുതിയ മുഖം എന്ന സിനിമയുടെ മുഖ്യനിർമാണ പങ്കാളിയായ പ്രൊഡക്ഷൻ കൺട്രോളർ അനിൽ മാത്യുവിന് നല്ല ലാഭം കിട്ടി. എന്നാൽ അതേ പൃഥ്വിരാജിനെ വെച്ച് ഹീറോ എന്ന പടം പിടിച്ചപ്പോൾ ലഭിച്ച ലാഭവും മുതലും ഉൾപ്പെടെ പോയി. പൃഥ്വിരാജ് ആ സിനിമയിൽ ഒരു കോംപ്രമൈസിനും തയ്യാറായില്ല. പിന്നീട് അനിൽ മാത്യുവിന് ഒരു ഡേറ്റ് പോലും നൽകിയുമില്ല. നിങ്ങൾ നിർമാതാക്കളാകുമ്പോൾ ആദ്യം അന്തരിച്ച പ്രമുഖ നിർമാതാവ് സുനിതാ പ്രൊഡക്ഷൻസിന്റെ എം. മണി സാറിനെ ഓർക്കുക. അദ്ദേഹം എങ്ങനെയാണ് സാമ്പത്തിക കാര്യങ്ങൾ നിർവഹിച്ചത് എന്ന് പഠിക്കുക.
ബാദുഷ, താരങ്ങളുടെ വില കൂട്ടിയത് നിങ്ങളൊക്കെ ചേർന്നാണ്. എഴുത്തുകാരെയും ടെക്നീഷ്യന്മാരെയും മൂന്നാംകിടകളായി തള്ളി താരത്തിന്റെ ഡേറ്റിന് സിനിമയിലെ നിയന്ത്രണാവകാശം നൽകിയത് ഇപ്പോൾ തിരിച്ചടിക്കുന്നു. മലയാള സിനിമ രംഗത്തെ സാമ്പത്തിക അച്ചടക്കം എന്ന വിഷയത്തിൽ ഫെഫ്ക്കയും സിനിമാ സംഘടനകളും കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാക്കുക. ബാദുഷ, കടങ്ങളൊക്കെ തീർത്ത് സാമ്പത്തിക അച്ചടക്കം പാലിച്ച് മുന്നോട്ടു പോവുക’






