അമേരിക്കയില്‍ എയര്‍ലൈന്‍ വ്യവസായത്തില്‍ കോടികളുടെ നഷ്ടം; ഷട്ട് ഡൗണ്‍ ബാധിച്ചത് വിമാന കമ്പനികളെ; നഷ്ടത്തില്‍ നിന്നുള്ള ടേക്ക് ഓഫിന് സമയമെടുക്കും; വിനോദസഞ്ചാരമേഖലക്കും തിരിച്ചടി

വാഷിംഗ്ടണ്‍ : 40 ദിവസത്തോളം നീണ്ടുനിന്ന ഷട്ട് ഡൗണ്‍ അമേരിക്കയില്‍ അവസാനിച്ചെങ്കിലും അമേരിക്കന്‍ വിമാന കമ്പനികള്‍ എല്ലാം കോടികളുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
വിമാന ടിക്കറ്റ് റദ്ദാക്കലുകളും ബുക്കിംഗിലെ കുറവും എയര്‍ലൈന്‍ വ്യവസായത്തിന് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് അമേരിക്കയില്‍ വരുത്തിവെച്ചിരിക്കുന്നത്. അവധിക്കാലം ലക്ഷ്യമിട്ട് മികച്ച സാമ്പത്തിക ലാഭം പ്രതീക്ഷിച്ചിരുന്ന യുഎസ് എയര്‍ലൈനുകള്‍ക്ക് ഈ തിരിച്ചടി കനത്ത പ്രഹരമായി. ഷട്ട്ഡൗണ്‍ അവസാനിച്ചെങ്കിലും ഇപ്പോള്‍ നേരിട്ടിരിക്കുന്ന ഈ ആഘാതത്തില്‍ നിന്ന് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പറന്നുയണമെങ്കില്‍ സമയമെടുക്കും എന്ന എയര്‍ലൈന്‍സ് രംഗത്തെ വിദഗ്ധര്‍ പറയുന്നു.

അമേരിക്കയിലെ ഏറ്റവും തിരക്കേറിയ യാത്രാ സീസണാണ് താങ്ക്സ്ഗിവിംഗ്.
അമേരിക്കന്‍ ഐക്യനാടുകളിലെ ഫെഡറല്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഷട്ട്ഡൗണ്‍ വരുത്തിവെച്ച യാത്രാക്കുഴപ്പങ്ങള്‍ കാരണം താങ്ക്സ്ഗിവിംഗ് അവധിക്കാലത്തെ വിമാന ടിക്കറ്റ് ബുക്കിംഗില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.5 ശതമാനത്തോളമാണ് ബുക്കിംഗില്‍ കുറവുണ്ടായിരിക്കുന്നത്.
ഷട്ട്ഡൗണിന് മുന്‍പ്, വിമാന ടിക്കറ്റ് ബുക്കിംഗില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍, ഷട്ട്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ വിമാനത്താവളങ്ങളിലെ സുപ്രധാന ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ജീവനക്കാരുടെ ക്ഷാമവും ക്ഷീണവും കാരണം പലയിടത്തും വിമാനങ്ങള്‍ റദ്ദാക്കുന്നതിനും വൈകുന്നതിനും ഇടയായി. ഇത് യാത്രക്കാര്‍ക്കിടയില്‍ വലിയ ആശങ്ക പരത്തി.
ഷട്ട്ഡൗണിനെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതും കൂട്ടത്തോടെയുള്ള റദ്ദാക്കലുകളും ആളുകള്‍ക്ക് യാത്ര ചെയ്യാനുള്ള താല്‍പ്പര്യം ഇല്ലാതാക്കി എന്നാണ് വിമാനയാത്ര ഡാറ്റ വിശകലനം ചെയ്യുന്ന സ്ഥാപനങ്ങള്‍ പറയുന്നത്.
യാത്രയിലെ ആശയക്കുഴപ്പങ്ങള്‍ കാരണം യാത്ര വേണ്ടെന്നുവച്ച ധാരാളം പേരുണ്ട്.
യുഎസിലെ എയര്‍ലൈന്‍ ബിസിനസിനെ പ്രതികൂലമായി ബാധിച്ചതും ഇതാണ്.
ഏകദേശം 40 പ്രധാന വിമാനത്താവളങ്ങളിലെ ഷെഡ്യൂളുകള്‍ ഷട്ട് ഡൗണിനെ തുടര്‍ന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ വെട്ടിച്ചുരുക്കിയിരുന്നു.






