Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസില്‍ ആദ്യ അറസ്റ്റ്; രാഹുല്‍ ഈശ്വറിനെ ഇന്നു മജിസ്‌ട്രേറ്റിനു മുന്നിലെത്തിക്കും; യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍; പലരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി; മറ്റുള്ളവരുടെയും അറസ്റ്റ് ഉടനെന്ന് സൂചന

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതിയില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. യുവതിയെ അപമാനിച്ച രാഹുല്‍ ഈശ്വറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിരിച്ച്, മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ കൈ വീശിയ ശേഷമാണ് രാഹുല്‍ പൊലീസ് വാഹനത്തില്‍ കയറി പോയത്. സൈബര്‍ പൊലീസാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. സൈബര്‍ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

രാഹുലിനെ ഇന്നു മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കും. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചക്കിടെ തന്നെ വേണേല്‍ പൊലീസ് അറസ്റ്റ് ചെയ്‌തോട്ടെയെന്നും താന്‍ പറയാനുള്ളതെല്ലാം പറയുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ രാഹുല്‍ സംസാരിച്ചതാണ് വിനയായത്.

Signature-ad

രാഹുലിനോട് ഫോണും ലാപ്‌ടോപ്പും ഹാജരാക്കാന്‍ നിര്‍ദേശിച്ചു. എആര്‍ ക്യാംപിലെ വളപ്പില്‍ സ്ഥിതി ചെയ്യുന്ന സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നതായി യുവതി പരാതി നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നടപടി.

കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാരിയര്‍, ദീപ ജോസഫ്, രഞ്ജിത പുളിക്കന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയാണ് ഒന്നാം പ്രതി. സുപ്രീം കോടതി അഭിഭാഷകയായ ദീപ് ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് മൂന്നാം പ്രതിയും സന്ദീപ് വാര്യര്‍ നാലാം പ്രതിയുമാണ്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ കണ്ടെത്താന്‍ അന്വേഷണ സംഘം നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായി രാഹുലിന്റെ ഡ്രൈവറെ പാലക്കാട്ടെ ഫ്‌ലാറ്റില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ ഡ്രൈവറായ ആല്‍വിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. രാഹുല്‍ താമസിച്ചിരുന്ന പാലക്കാട്ടെ ഫ്‌ലാറ്റില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്യല്‍ തുടരുകയാണ്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്തായ ഫെന്നി നൈനാന്റെ അടൂരിലുള്ള വീട്ടിലും പൊലീസ് പരിശോധന നടത്തി. രാഹുല്‍ ഈ വീട്ടില്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു നീക്കം. പരിശോധനയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ മര്യാദയില്ലാതെയാണ് പെരുമാറിയതെന്ന് ഫെന്നി നൈനാന്‍ പ്രതികരിച്ചു. രാഹുലിനെ കണ്ടെത്താനായി പൊലീസ് വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് മുന്‍പ് തന്നെ രാഹുലിനെ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

Back to top button
error: