മുനമ്പം ശാന്തമാകുന്നില്ല; സമരം അവസാനിക്കുന്നുമില്ല; സമരപ്പന്തലില്‍ പുതിയ വിഭാഗത്തിന്റെ സമരകാഹളം മുഴങ്ങി; സമരം അവസാനിപ്പിക്കുന്നത് വഞ്ചനയാണെന്ന് പുതിയ സമരക്കാര്‍; ഭൂമി പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുംവരെ സമരമെന്ന്

കൊച്ചി: ശാന്തമാകുമെന്ന് വിചാരിച്ച കടല്‍ പെട്ടന്ന് ക്ഷോഭിച്ച പോലെ മുനമ്പം പെട്ടന്ന് ശാന്തതയില്‍ നിന്ന് വീണ്ടും സമരകാഹളത്തിലേക്ക്. സമരം അവസാനിക്കുമെന്ന് കരുതിയിടത്തു നിന്ന് വീണ്ടും മുനമ്പം സമരം തുടരുമ്പോള്‍ മുനമ്പത്തെ സമരത്തിരമാലകള്‍ അവസാനിക്കുന്നില്ലെന്നുറപ്പായി.
മുനമ്പത്ത് നാടകീയ രംഗങ്ങളാണ് സമരപ്പന്തലിലുണ്ടായത്. മുനമ്പം സമരം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയാണ് സമരവേദിയില്‍ തര്‍ക്കങ്ങള്‍. സമരം അവസാനിപ്പിക്കുന്നത് വഞ്ചനയാണെന്ന് പറഞ്ഞ് പുതിയ സമരപ്പന്തലില്‍ ഒരു വിഭാഗം സമരം ആരംഭിച്ചു. ഭൂമി പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും വരെ സമരമെന്നാണ് ഇവരുടെ പ്രഖ്യാപനം.
സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സമരസമിതി സമരം അവസാനിപ്പിക്കാനൊരുങ്ങിയത്. മന്ത്രിമാരായ കെ.രാജനും പി.രാജീവും സമാപനയോഗത്തില്‍ പങ്കെടുക്കാനിരിക്കെയാണ് വിമത പക്ഷം മുദ്രാവാക്യം വിളികളുമായി സമരപ്പന്തല്‍ വിട്ടിറങ്ങിയത്.
വഖഫ് രജിസ്റ്ററില്‍ ഇപ്പോഴും മുനമ്പത്തെ ഭൂമി കിടക്കുന്നുണ്ടെന്നും നിയമനടപടിയിലൂടെ അത് നീക്കം ചെയ്യാതെ സമരം അവസാനിപ്പിക്കുന്നതാണ് ഇവരുടെ പ്രതിഷേധത്തിന് കാരണം. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവോടെ കുടുംബങ്ങള്‍ക്ക് കരമടയ്ക്കാന്‍ പറ്റിയിരുന്നു.
തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ ബിജെപി അനുകൂലികള്‍ രംഗത്തെത്തുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവരെങ്കിലും പുതിയ പ്രതിഷേധക്കാരെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി അനുരഞ്ജനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനാണ് ഇനിയുള്ള ശ്രമം.






