റാന്നി: പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി–പൊൻകുന്നം(പ്ലാച്ചേരി-പൊൻകുന്നം റീച്ച്) ഭാഗത്തെ വികസനം അവസാനഘട്ടത്തിലെത്തി. മൂലേപ്ലാവ് പാലത്തിന്റെ നിർമാണം കൂടിയാണ് ഇനി പൂർത്തിയാകാനുള്ളത്.50 മീറ്റർ ഇടവിട്ട് റോഡിൽ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.ഇതോടെ രാത് രിയിലും പൂർണമായി വെളിച്ചം വിതറുന്ന പാതയായി റാന്നി–പൊൻകുന്നം ഭാഗം മാറി.
റോഡിന്റെ മധ്യത്തിലും ഇരുവശങ്ങളിലും വെള്ള വരകളിട്ടു.
അപകട ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ മഞ്ഞ വരയും ഇട്ടിട്ടിട്ടുണ്ട്. പാതയിൽ എല്ലാ ഭാഗത്തും ട്രാഫിക് സൈൻ ബോർഡുകളും ദിശാസൂചികകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന കവലകളിൽ നടപ്പാതയുമുണ്ട്. പ്ലാച്ചേരിക്കും മക്കപ്പുഴ ഗേറ്റിനും മധ്യ ഭാഗത്തു നിന്നാണ് പ്ലാച്ചേരി–പൊൻകുന്നം റോഡ് വികസനം തുടങ്ങുന്നത്. ഇവിടം മുതൽ റോഡിൽ മാറ്റം കാണാനുണ്ട്.ഈ പാതയിലെ മറ്റു റീച്ചുകളിൽ പണികൾ ഇനിയും ബാക്കിയാണ്.
പുനലൂരിൽ നിന്നും പത്തനാപുരം, കോന്നി, കുമ്പഴ, റാന്നി, പ്ലാച്ചേരി, പൊന്തൻപുഴ, കറിക്കാട്ടൂർ, മണിമല, മൂലേപ്ലാവ്, ചെറുവള്ളി, ചിറക്കടവ് വഴി കെകെ റോഡിലെ പൊൻകുന്നത്ത് സന്ധിക്കുന്ന പാതയാണിത്. 10 മീറ്റർ വീതിയിലാണ് ടാറിങ് നടത്തിയിട്ടുള്ളത്. പുതിയ കലുങ്കുകൾ, ഓട എന്നിവയും നിർമിച്ചിട്ടുണ്ട്.