പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ 19,63,90,095 രൂപയുടെ അനുമതി നല്കാന് കിഫ്ബി നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ആദ്യവര്‍ഷ എംബിബിഎസ് ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള സാധന സാമഗ്രികള്‍ക്കുള്ള തുകയാണിത്. ഇത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ജനങ്ങള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അത്യാഹിത വിഭാഗം 2.09 കോടി രൂപ, മാതൃ, നവജാത ശിശു സംരക്ഷണം ഉള്‍പ്പെടെയുള്ള വിഭാഗത്തിന് 2.12 കോടി, മോഡ്യുലാര്‍ ലാബ് 2.47 കോടി, 2 മോഡ്യുലാര്‍ ഓപ്പറേഷന് തീയറ്റര്‍ 1.4 കോടി, ഓപ്പറേഷന് തീയറ്ററിനാവശ്യമായ മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സംവിധാനം 2.87 കോടി, ബ്ലഡ് ബാങ്ക് 1.15 കോടി, അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി എന്നീ വിഭാഗങ്ങള്‍ക്ക് 3.32 കോടി, മൈക്രോബയോളജി, പത്തോളജി, കമ്മ്യൂണിറ്റി മെഡിസിന് എന്നീ വിഭാഗങ്ങള്‍ക്കായി 1.69 കോടി, ലെക്ചര്‍ ഹാള്‍, അനാട്ടമി മ്യൂസിയം എന്നിവയ്ക്കായി 1.7 കോടി എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്കായാണ് പണം അനുവദിച്ചിരിക്കുന്നത്.