ദുബായ്: യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7000 രൂപയിൽ താഴെയാണ് ഇപ്പോഴുള്ളത്.എന്നാൽ തിരികെ പോകണമെങ്കിൽ മൂന്നിരട്ടിയിലേറെ തുക നൽകേണ്ടി വരും.ഇതിൽ യാതൊരു ന്യായീകരണവുമില്ലാത്ത കൊള്ളയടിയാണ് കൊച്ചി ദുബായ് സെക്ടറിലേത്.
ദുബായിൽനിന്ന് കൊച്ചിയിലേക്കു എയർ ഇന്ത്യയിൽ യാത്ര ചെയ്യാൻ 6500 രൂപ (320 ദിർഹം) മതി. എയർ അറേബ്യ (ഷാർജയിൽനിന്ന്) 6750, സ്പൈസ് ജെറ്റ് 6850, ഇൻഡിഗോ 6950, എയർ ഇന്ത്യാ എക്സ്പ്രസ് 7200, ഫ്ലൈ ദുബായ് 10,750, എമിറേറ്റ്സ് 12,700 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ഇതേസമയം കൊച്ചിയിൽനിന്ന് ദുബായിലേക്കു പറക്കണമെങ്കിൽ മൂന്നിരട്ടിയിലേറെ തുക കൊടുക്കണം. എയർ ഇന്ത്യാ എക്സ്പ്രസിൽ 21,800, ഇൻഡിഗോ 22,500, എയർ അറേബ്യ (ഷാർജയിലേക്ക്) 23,150, സ്പൈസ് ജെറ്റ് 25,221, എമിറേറ്റ്സ് 25,600, എയർ ഇന്ത്യ 30,650, ഫ്ലൈ ദുബായ് 31,400 രൂപ എന്നിങ്ങനെയാണ് തുക.യാത്രയ്ക്കു മുൻപ് ഇരുരാജ്യങ്ങളിലുമുള്ള പിസിആർ ടെസ്റ്റ് തുക കൂടി ചേർത്താൽ ചിലവ് ഇനിയും കൂടും.
ക്രിസ്മസ്, പുതുവർഷ അവധിക്കു നാട്ടിലേക്കു പോയവരുടെ തിരിച്ചുവരവ് മുന്നിൽകണ്ടാണ് ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്. കൂടാതെ എക്സ്പോ 2020 ഉൾപ്പെടെ രാജ്യാന്തര പരിപാടികൾ കാണാനും ബിസിനസിനും വിനോദസഞ്ചാരത്തിനും തൊഴിൽ അന്വേഷണത്തിനുമായി യുഎഇയിലേക്ക് വരുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിനു ആനുപാതികമായി വിമാന സർവീസില്ലാത്തതാണ് ഈ സെക്ടറിലെ നിരക്ക് കുറയാത്തതെന്ന് ട്രാവൽ രംഗത്തുള്ളവർ പറയുന്നു.