ആപ്പിളിന്റെ ചെറുപതിപ്പുപോലെ തോന്നുന്ന തനതുരുചിയുള്ള പഴങ്ങൾ ഉണ്ടാകുന്ന സസ്യമാണ് ‘ഇലന്ത’. ജീവകം സി, ധാതുലവണങ്ങൾ എന്നിവയുടെ കലവറ. ‘അമരത്വത്തിന്റെ പഴം’ എന്ന വിശേഷണത്തിൽ ഇലന്തപ്പഴം അറിയപ്പെടുന്നു.
പണ്ടുമുതൽക്കേ നമ്മുടെ നാട്ടിൽ പറഞ്ഞു കേൾക്കുന്ന ഒരു വിശിഷ്ട ഫലമാണ് ഇത്.ഊട്ടി ആപ്പിൾ എന്നും പാവങ്ങളുടെ ആപ്പിള്‍ എന്നും എലന്തപ്പഴം എന്നും വിത്യസ്ത പേരുകളിൽ ഇത് അറിയപ്പെടുന്നു. രുചിയുടെയും പോഷക മൂല്യങ്ങളുടെയും കലവറയാണ് ‘ഇലന്തപ്പഴം’. ചെറുവൃക്ഷമായി പടര്‍ന്നുപന്തലിച്ചു വളരുന്ന ഇലന്തയില്‍ ചെറുമുള്ളുകളുമുണ്ടാകും. ഈ ചെറുവൃക്ഷം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭാരതത്തില്‍ വളര്‍ന്നിരുന്നു. പുരാണങ്ങളിലും മറ്റും പരാമർശമുള്ള പേരാണ് ഇലന്തപ്പഴം. 1800 മീറ്റര്‍ വരെ ചൂടു പ്രദേശങ്ങളില്‍ ഇത് ഉണ്ടാകുമെങ്കിലും വരണ്ട കാലാവസ്ഥയാണ് നല്ലത്.
ഇതില്‍ ജീവകം എ, ബി, സി എന്നിവയ്ക്ക് പുറമെ കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ഈന്തപ്പഴം, ജീവന്റെ പഴം, അമരത്വത്തിന്റെ പഴം എന്നൊക്കെയാണ് ഇലന്തപ്പഴത്തിന്റെ വിളിപ്പേരുകള്‍. വിളവെടുപ്പിനുശേഷം പ്രൂനിംഗ് (കൊമ്പുകള്‍ കോതൽ) ചെയ്താൽ പുതിയ ശാഖകള്‍ വളരുകയും ധാരാളം കായ്കളുണ്ടാകുകയും ചെയ്യും.
കേരളത്തിൽ ഇലന്തപ്പഴം അധികം വളരുന്നതായി കണ്ടുവരുന്നില്ല. ആന്ധ്രാപ്രദേശ് തമിഴ്നാട് കർണാടകം എന്നിവിടങ്ങളിൽ നിന്നുമാണ് ഇവ നമ്മുടെ വിപണിയിൽ എത്തുന്നത്.
പത്തു മീറ്ററോളം ഉയരെ വള്ളികൾപോലെയുള്ള ശാഖകളും ചെറിയ ഇലകളുമായി കാണുന്ന നിത്യഹരിതസസ്യമാണ് ഇലന്ത.ഏതുതരം മണ്ണിലും വളരുന്ന പ്രകൃതമാണെങ്കിലും വെള്ളക്കെട്ട് അഭികാമ്യമല്ല. പരിചരണം കുറച്ചു മാത്രം മതിയാകുന്ന ഇലന്തയുടെ ശരിയായ വളർച്ചയ്ക്കും കായ്പിടിത്തത്തിനും സൂര്യപ്രകാശം അനിവാര്യമാണ്.