വിദേശ സന്ദര്‍ശനത്തിനു മാത്രം അനുമതി വാങ്ങി; പ്രളയബാധിതരായ സ്ത്രീകള്‍ക്കു വേണ്ടിയെന്ന പേരില്‍ വിദേശത്ത് ഫണ്ട് പിരിവ്; നിര്‍ണായകമായി വീഡിയോ; ഫണ്ട് വന്നത് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക്; നടപടിയെടുക്കാന്‍ സ്പീക്കര്‍ക്കും ശിപാര്‍ശ; സിബിഐ എത്തിയാല്‍ കുരുങ്ങുമോ സതീശന്‍?

കോഴിക്കോട്/തിരുവനന്തപുരം: വിദേശ സന്ദര്‍ശനത്തിന് അനുമതി തേടിയശേഷം വിദേശത്തെത്തി അനധികൃതമായി ഫണ്ടു പിരിച്ചെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിനു ശിപാര്‍ശ. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്തുനിന്ന് ഫണ്ട് പിരിച്ചെന്നാണു കേസ്. വിജിലന്‍സിന്റെ ശിപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ഒരു വര്‍ഷം മുമ്പ് മുന്‍ ഡയറക്ടര്‍ യോഗേഷ് ഗുപ്തയാണ് ശിപാര്‍ശ ചെയ്തത്. എഫ്സിആര്‍എ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
എഫ്‌സിആര്‍എ നിയമം, 2010ലെ സെക്ഷന്‍ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂള്‍ ഓഫ് പ്രൊസീജിയേഴ്‌സിലെ അനുബന്ധം 2ലെ റൂള്‍ 41 പ്രകാരം നിയമസഭാ സാമാജികന്‍ എന്ന തരത്തില്‍ നടത്തിയ നിയമലംഘനത്തിന് സ്പീക്കര്‍ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന പേരില്‍ പുനര്‍ജ്ജനി പദ്ധതിക്കായി ഫൗണ്ടേഷന്‍ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത്. യുകെയില്‍ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളില്‍ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലന്‍സസിന്റെ കണ്ടെത്തല്‍.
യുകെ ആസ്ഥാനമായുള്ള മിഡ്ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റ് എന്ന എന്‍ജിഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ അക്കൗണ്ടിലേക്ക് പണം അയച്ചത്. യുകെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകള്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്തു യന്ത്രം വാങ്ങാന്‍ 500 പൗണ്ട് വീതം നല്‍കണമെന്ന് സതീശന്‍ അഭ്യര്‍ഥിക്കുന്ന വീഡിയോ തെളിവായി വിജിലന്‍സ് പരിശോധിച്ചിട്ടുണ്ട്.
എന്നാല്‍, കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും വിജിലന്‍സ് തന്നെ കേസ് അവസാനിപ്പിച്ചതാണെന്നും സതീശന്‍ പറഞ്ഞു. ഇനി സിബിഐ അന്വേഷണം നടത്തുകയാണെങ്കിലും തനിക്ക് ഭയമില്ലെന്നും സതീശന്‍ പറഞ്ഞു. ‘കേസ് നിലനില്‍ക്കില്ല. വിജിലന്‍സിനും അത് അറിയാം. എനിക്ക് അനുകൂലമായുള്ള തെളിവുകള്‍ കൈയിലുണ്ട്. ഇനി സിബിഐ അല്ല ആര് വന്നാലും ഒന്നുമില്ല. ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണ്.’- സതീശന്‍ പറഞ്ഞു.
ഇപ്പോള്‍ നടക്കുന്നതെല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സതീശന്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പത്തെ കാര്യം ഇപ്പോള്‍ പുറത്തുവന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ ഒരു കേസ് ഇരിക്കട്ടെയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ തുടര്‍ച്ചയായിട്ടാണ് ഈ നടപടിയെന്നും സതീശന്‍ പറഞ്ഞു.






