പൈപ്പ് ലൈനിന് മുകളിൽ ഒരു ടോയ്ലറ്റ്!! മലിനജലം കുടിച്ച് 1,146 പേർക്ക് ഡയേറിയ, 9 മരണം, 111 പേർ ഗുരുതരാവസ്ഥയിൽ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, രണ്ടുപേർക്ക് സസ്പെൻഷൻ, ഒരാളെ സർവീസിൽ നിന്ന് പുറത്താക്കി

ഇന്ദോർ: മധ്യപ്രദേശിൽ മലിനജലം കുടിച്ച് 1,146 പേർക്ക് ഡയേറിയ, 9പേർ മരിച്ചു. മധ്യപ്രദേശിലെ ഭഗീരഥപുരയിലാണ് സംഭവം. നൂറോളം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ഇന്ദോർ മേയറാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടികളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കും.
സംഭവത്തിൽ മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവിട്ടു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, സോണൽ ഓഫീസർ ഷാലിഗ്രാം സിതോളിനെയും അസിസ്റ്റന്റ് എഞ്ചിനീയർ യോഗേഷ് ജോഷിയെയും സസ്പെൻഡ് ചെയ്തു. പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് (പിഎച്ച്ഇ) ഇൻ ചാർജ് സബ് എഞ്ചിനീയർ ശുഭം ശ്രീവാസ്തവയെ ഉടനടി സർവീസിൽ നിന്ന് പുറത്താക്കി. വിഷയത്തിൽ ഉത്തരവാദിത്തം കണ്ടെത്തുന്നതിനായി ഐഎഎസ് ഓഫീസർ നവജീവൻ പവാറിന്റെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
മരിച്ചവരിൽ നന്ദലാൽ പാൽ (70), ഊർമ്മിള യാദവ് (60), താര (65) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നാലെ 2,703 വീടുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഏകദേശം 12,000 പേരെ പരിശോധിക്കുകയും നേരിയ രോഗലക്ഷണങ്ങളുള്ള 1,146 രോഗികൾക്ക് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. അതേസമയം ഗുരുതരാവസ്ഥയിലുള്ള 111 രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെള്ളം കുടിച്ചതിന് ശേഷം ഛർദ്ദി, വയറിളക്കം, നിർജ്ജലീകരണം തുടങ്ങിയവ അനുഭവപ്പെട്ടതായി രോഗികൾ പറഞ്ഞു.
സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് ഒട്ടേറെ മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നിരവധി ആംബുലൻസുകളും സജ്ജമാക്കി. വെള്ളം പരിശോധിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കുടിവെള്ളത്തിൽ മലിനജലം കലർന്നതായാണ് പ്രാഥമികമായി വിലയിരുത്തുന്നത്.
അതേസമയം ഭഗീരഥപുരയിലെ പ്രധാന ജലവിതരണ പൈപ്പ്ലൈനിൽ ഒരു ചോർച്ച കണ്ടെത്തിയതായി മുനിസിപ്പൽ കമ്മീഷണർ ദിലീപ് കുമാർ യാദവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൈപ്പ് ലൈനിന് മുകളിൽ ഒരു ടോയ്ലറ്റ് നിർമ്മിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതാണോ മലിനീകരണത്തിന്റെ കാരണമെന്നതിൽ വ്യക്തത വരേണ്ടതുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.






