രാഹുലിന് കോണ്‍ഗ്രസ് ശിക്ഷ നല്‍കണമെന്ന ആവശ്യമുയരുന്നു; എംഎല്‍എ സ്ഥാനം രാജി വെക്കാന്‍ പാര്‍ട്ടി ആവശ്യപ്പടണെന്ന് കോണ്‍ഗ്രസിനുള്ളില്‍ ഒരു വിഭാഗം; പാര്‍ട്ടി നടപടിയെടുത്തെന്ന് തോന്നാന്‍ അതുവേണമെന്ന് രാഹുല്‍ വിരുദ്ധര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമം എന്തു ശിക്ഷ നല്കിയാലും കോണ്‍ഗ്രസ് പാര്‍ട്ടി ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി പാര്‍ട്ടിക്കുള്ളിലെ രാഹുല്‍ വിരുദ്ധര്‍. വെറുമൊരു സസ്പെന്ഷനിലോ പുറത്താക്കലിലോ മാത്രം നടപടി ഒതുക്കാതെ രാഹുലിനോട് എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെടണമെന്നും പാര്‍ട്ടി ടിക്കറ്റില്‍ കൈപ്പത്തി അടയാളത്തില്‍ വോട്ടു ചോദിച്ചു വാങ്ങി ജയിച്ച രാഹുലിന് കോണ്‍ഗ്രസ് നല്‍കേണ്ട ശിക്ഷ രാജി ചോദിച്ചുവാങ്ങലാണെന്നും കോണ്‍ഗ്രസിനകത്ത് ശക്തമായ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
ഇനി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും നേതാവും ഇത്തരം നെറികെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്ത് പാര്‍ട്ടിയുടെ അന്തസ് നശിപ്പിക്കാതിരിക്കാന്‍ രാഹുലിനെതിരെ പാര്‍ട്ടി കൈക്കൊള്ളുന്ന ഈ നടപടി സഹായിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
രാഹുല്‍ സ്വയം രാജിവെക്കും മുന്‍പേ തന്നെ പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ മോശം പ്രതിച്്ഛായ അല്പമെങ്കിലും മെച്ചപ്പെടുത്താന്‍ അത് സഹായിക്കുമെന്ന് കരുതുന്നവരും പാര്‍ട്ടിയിലുണ്ട്.
നേതൃത്വം രാജി ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസിനകത്ത് രാഹുലിനെ പിന്തുണയ്ക്കുന്ന ആരുമില്ല എന്ന തോന്നലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് നേതൃത്വത്തെ ഉപദേശിക്കുന്നവരുമുണ്ട്. ഇനിയൊരിക്കലും രാഹുലിനെ തിരികെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ ആരും ശ്രമിക്കേണ്ടതില്ല എന്ന നിലപാടാണ് കോണ്‍ഗ്രസില്‍ ഭൂരിഭാഗം പേര്‍ക്കും. അതുകൊണ്ടുതന്നെ ശിക്ഷാനടപടി കനത്തതായിരിക്കണമെന്ന അഭിപ്രായവും ശക്തമാണ്.
രാഹുല്‍ സ്വയം രാജി സമര്‍പിച്ച് ആദര്‍ശധീരനായി കോണ്‍ഗ്രസ് വിട്ടിറങ്ങാന്‍ അനുവദിക്കരുതെന്ന് വനിതാ പ്രവര്‍ത്തകരും വനിതാ നേതാക്കളും പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ത്രീ സമൂഹത്തോട് പരസ്യമായി മാപ്പു പറയണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
എംഎല്‍എ സ്ഥാനം രാജിവെക്കണോ എന്നത്് രാഹുല്‍ സ്വയം തീരുമാനിക്കേണ്ട കാര്യമാണ് എന്ന ഒഴുക്കന്‍മട്ടിലുള്ള തീരുമാനം കോണ്‍ഗ്രസ് നേതൃത്വം ഉപേക്ഷിച്ച് രാഹുലിനെക്കൊണ്ട് രാജി എഴുതി വാങ്ങിപ്പിക്കണമെന്ന കടുത്ത ആവശ്യം കനക്കുകയാണ്.






