Breaking NewsIndiaLead NewsNEWSpolitics

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ന്യൂനപക്ഷ വോട്ടര്‍മാര്‍ പുറത്ത്; ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍ കടുംവെട്ട്; പൂര്‍ണിയ ജില്ലയില്‍ മാത്രം 400 പേര്‍ പുറത്ത്; പൗരത്വ രജിസ്റ്റര്‍ പിന്‍വാതിലിലൂടെ നടപ്പാക്കുന്നെന്ന് ടിഡിപി; ബിജെപി വെട്ടില്‍

ന്യൂഡല്‍ഹി: ബിഹാറില്‍ വോട്ടര്‍പ്പട്ടികയുടെ പുനഃപരിശോധന പ്രക്രിയ തുടങ്ങുന്നതിന് മുമ്പുതന്നെ ന്യൂനപക്ഷ വോട്ടര്‍മാര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടെന്നു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ബിഹാറില്‍ പട്ടിക പുതുക്കല്‍ ജൂണിലാണ് അവസാനിച്ചത്. ഇതിലാണ് 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ന്യൂനപക്ഷ വോട്ടര്‍മാരെ പുറംതള്ളിയത്. ജൂണില്‍ തയാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുനഃപരിശോധന.

പൂര്‍ണിയ ജില്ലയിലെ ചിമ്മിനി ബസാര്‍ എന്ന സ്ഥലത്ത് മാത്രം നാനൂറോളംപേര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഇവരെല്ലാം ന്യൂനപക്ഷ വിഭാഗക്കാരാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവരുമാണ്. പുനഃപരിശോധനയുടെ ഭാഗമായി പേരുചേര്‍ക്കല്‍ ഫോം ആവശ്യപ്പെട്ട് ബൂത്തുതല ഉദ്യോഗസ്ഥരെ സമീപിച്ച ഘട്ടത്തിലാണ് പട്ടികയില്‍ പേരില്ലെന്ന് അറിയുന്നത്. പുതിയ വോട്ടറെന്ന നിലയില്‍ പേരുചേര്‍ക്കേണ്ട സ്ഥിതിയിലാണിവര്‍. എന്നാല്‍ അതിനായി തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെടുന്ന രേഖകള്‍ ഭൂരിഭാഗം പേര്‍ക്കുമില്ല.

Signature-ad

ബിഹാറില്‍ പതിറ്റാണ്ടുകളായി കഴിയുന്ന ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ ബോധപൂര്‍വമായ നീക്കവും പുനഃപരിശോധനയുടെ ഭാഗമായി നടക്കുന്നുണ്ട്. ബിഎല്‍ഒമാര്‍ തന്നെയാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. 35 ലക്ഷത്തിലേറെപേര്‍ ഇപ്പോള്‍ തന്നെ പട്ടികയില്‍നിന്ന് പുറത്തായതായി കമീഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഇങ്ങനെ പുറത്തായവരുടെ മണ്ഡലം തിരിച്ചുള്ള കണക്കുകളും കമീഷന്‍ പുറത്തുവിട്ടു. വര്‍സാലിഗഞ്ച് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പുറത്തായത്- 8399 പേര്‍. ഇതരസംസ്ഥാനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ കൂടുതലായുള്ള കിഴക്കന്‍ ബിഹാറിലാണ് ഏറ്റവും കൂടുതല്‍പേര്‍ പട്ടികയില്‍നിന്ന് പുറത്താക്കപ്പെട്ടത്.

വിയോജിച്ച് ടിഡിപി

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ രാജ്യവ്യാപകമായി നടത്താന്‍ പോകുന്ന വോട്ടര്‍പട്ടിക പുനഃപരിശോധന പൗരത്വ പരിശോധനയല്ലെന്ന് ഉറപ്പുവരുത്തണമെന്ന തെലുഗുദേശം പാര്‍ടിയുടെ നിലപാട് ബിജെപിക്ക് തിരിച്ചടിയാകും. തെരഞ്ഞെടുപ്പ് കമീഷനിലൂടെ ദേശീയ പൗരത്വ രജിസ്റ്റര്‍ പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള ബിജെപി നീക്കത്തെയാണ് സഖ്യകക്ഷിയായ ടിഡിപി ചോദ്യംചെയ്തത്. ബിഹാറില്‍ നിലവില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടത്തിവരുന്ന പുനഃപരിശോധന പ്രക്രിയയിലെ മാനദണ്ഡങ്ങളോടും ടിഡിപി വിയോജിച്ചു.

വോട്ടര്‍പട്ടിക പുനഃപരിശോധന രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ടിഡിപി എതിര്‍പ്പുമായി രംഗത്തുവന്നത്. പുനഃപരിശോധന ഏതുരീതിയില്‍ വേണമെന്ന നിര്‍ദേശവും ടിഡിപി മുന്നോട്ടുവച്ചു. പൗരത്വ പരിശോധന പാടില്ലെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട ഒരാളും മതിയായ കാരണമില്ലാതെ ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടാകരുത്. വോട്ടര്‍പട്ടികയില്‍ നിലവില്‍ ഉള്‍പ്പെട്ട ആരോടും വീണ്ടും തിരിച്ചറിയല്‍ തെളിയിക്കാന്‍ ആവശ്യപ്പെടരുത്. ഒരാള്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കായിരിക്കണം. പുനഃപരിശോധന പ്രക്രിയയും തെരഞ്ഞെടുപ്പും തമ്മില്‍ ചുരുങ്ങിയത് ആറുമാസം ഇടവേളയുണ്ടാകണം. കമീഷന് കൈമാറിയ നിവേദനത്തില്‍ ടിഡിപി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ എന്‍ആര്‍സി പിന്‍വാതിലിലൂടെ നടപ്പാക്കുന്നത് എന്നത് വ്യക്തം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്തനായ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെയാണ് ഇതിനായി കരുവാക്കുന്നത്.

 

Back to top button
error: