അച്ഛനെ അടുപ്പിക്കുന്നില്ല, ഭാര്യ സംഗീത എന്നോ പോയി; അമ്പത്തൊന്നാം ജന്മദിനത്തില്‍ വിജയുടെ ജീവിതം ഇങ്ങനെ…

തമിഴകത്തിന്റെ ഇളയ ദളപതി വിജയുടെ 51 ആം പിറന്നാള്‍ ദിനമാണിന്ന്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകള്‍ അറിയിക്കുന്നത്. ജീവിതത്തിലെ മറ്റാെരു സുപ്രധാന ഘട്ടത്തിലാണ് വിജയ് ഇന്ന്. സിനിമാ രംഗം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് വിജയ്. അവസാന സിനിമയായ ജന നായകന്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പ്രിയ താരം ബിഗ് സ്‌ക്രീനിനോട് വിട പറയുന്നതില്‍ നിരാശയുള്ളവര്‍ ഏറെയാണ്. എന്നാല്‍ ഇനി സമൂഹത്തെ സേവിക്കാനുള്ള വിജയുടെ തീരുമാനത്തില്‍ പ്രതീക്ഷകളുള്ളവരും ഏറെ. സിനിമാ ലോകത്ത് ലഭിച്ച സ്വീകാര്യത രാഷ്ട്രീയത്തില്‍ വിജയ്ക്കുണ്ടാകുമോ എന്ന് കണ്ടറിയണം.
ഏറെ അവഗണനകള്‍ സിനിമാ ലോകത്ത് തുടക്ക കാലത്ത് വിജയ് നേരിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് താര പദവി നേടിയത്. രാഷ്ട്രീയത്തിലും ഈ ഘട്ടങ്ങളെല്ലാം അതിജീവിക്കാന്‍ ഈ പ്രായത്തില്‍ വിജയ് തയ്യാറാകുമോ എന്ന ചോദ്യമുണ്ട്. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നടനാണ് വിജയ്. എന്നാല്‍ താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറേക്കാലമായി സിനിമാ ലോകത്ത് പ്രചരിക്കുന്നുണ്ട്.
അച്ഛന്‍ എസ്.എ ചന്ദ്രശേഖറുമായി വിജയ് അകല്‍ച്ചയിലാണെന്ന് സംസാരമുണ്ട്. വിജയിയെ ഇന്നത്തെ താരമാക്കി മാറ്റിയതില്‍ പ്രധാന പങ്കുവവഹിച്ചയാളാണ് ചന്ദ്രശേഖര്‍. ആരും വിജയിയെ വെച്ച് സിനിമകള്‍ ചെയ്യാന്‍ തയ്യാറാകാതിരുന്നപ്പോള്‍ ഇദ്ദേഹം മകനെ നായകനാക്കി സിനിമകള്‍ ചെയ്തു. ഒരു ഘട്ടത്തില്‍ വിജയ് സ്വന്തം നിലയില്‍ താരമായി വളര്‍ന്നു. എന്നാല്‍ മകന്റെ കരിയറിലെ നിയന്ത്രണം പിതാവ് ആഗ്രഹിച്ചിരുന്നു.
സൂപ്പര്‍സ്റ്റാറായി മാറിയ വിജയ് തെരഞ്ഞെടുക്കുന്ന സിനിമകളില്‍ ചന്ദ്രശേഖറിന് അതൃപ്തി തോന്നി. പിതാവിന്റെ നിഴലില്‍ നിന്നിരുന്ന മകനാണ് വിജയ്. എന്നാല്‍ താരമായപ്പോള്‍ ചന്ദ്രശേഖറിന്റെ വലയത്തിനപ്പുറത്തേക്ക് വിജയ് വളര്‍ന്നു. പിന്നീടൊരു തിരിച്ച് പോക്ക് ഉണ്ടായിട്ടുമില്ല. ബീസ്റ്റ്, ലിയോ തുടങ്ങിയ വിജയ് സിനിമകളെയാണ് ഏറ്റവുമൊടുവില്‍ ചന്ദ്രശേഖര്‍ വിമര്‍ശിച്ചത്.
വിജയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ ചന്ദ്രശേഖര്‍ ഒരിക്കല്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിജയ് ഈ നീക്കത്തെ പരസ്യമായി എതിര്‍ക്കുകയും പിതാവിനെതിരെ കേസ് നല്‍കുകയും ചെയ്തു. ഇന്ന് വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോള്‍ ചര്‍ച്ചകളിലൊന്നും പിതാവില്ല. വിജയും അനുയായികളുമാണ് എല്ലാം നോക്കുന്നത്. വിജയും താനും തമ്മില്‍ പ്രശ്‌നമില്ലെന്ന് അകല്‍ച്ചയെക്കുറിച്ച് ഗോസിപ്പുകള്‍ വന്നപ്പോള്‍ ചന്ദ്രശേഖര്‍ പറഞ്ഞിട്ടുണ്ട്. അമ്മ ശോഭ ചന്ദ്രശേഖറും ഇത് ആവര്‍ത്തിച്ചു.
എന്നാല്‍, ഇത് കൊണ്ടൊന്നും അഭ്യൂഹങ്ങള്‍ അവസാനിച്ചില്ല. തുറന്നടിച്ച് സംസാരിക്കുന്ന പിതാവിനെ തന്റെ സിനിമാ കരിയറില്‍ നിന്നും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്നും വിജയ് അകറ്റി നിര്‍ത്തുന്നുണ്ടെന്ന് വ്യക്തമാണ്. ഭാര്യ സംഗീതയുമായുള്ള അകല്‍ച്ചയാണ് മറ്റാെരു സംസാര വിഷയം. സംഗീതയ്‌ക്കൊപ്പം വിജയിയെ ഇന്ന് കാണാറേയില്ല. വിജയ് രാഷ്ട്രീയത്തിലേക്കുള്ള നീക്കങ്ങള്‍ നടത്തുമ്പോഴേക്കും സംഗീത ഭര്‍ത്താവുമായി ബന്ധപ്പെട്ട സിനിമാ ഇവന്റുകളില്‍ നിന്നെല്ലാം പൂര്‍ണമായും അകന്നു.
റിപ്പോര്‍ട്ടുകള്‍ പ്രാകരം സംഗീതയിന്ന് ലണ്ടനില്‍ സ്വന്തം കുടുംബത്തിനൊപ്പമാണുള്ളത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംഗീതയെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ ആ ചോദ്യം വേണ്ടെന്നാണ് ചന്ദ്രശേഖര്‍ പറഞ്ഞത്. ഇതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. മകന്‍ ജേസണ്‍ സഞ്ജയും വിജയില്‍നിന്ന് അകലം കാണിക്കുന്നെന്ന് വാദമുണ്ട്. സ്വന്തം വീട്ടുകാരോട് അകലം കാണിക്കുന്നയാള്‍ എന്ന വിമര്‍ശനം വിജയ്ക്ക് നേരെ വരുന്നുണ്ട്.






