Breaking NewsLead NewsLIFEMovieSocial MediaTRENDING

‘തൊട്ടടുത്ത് ഉണ്ടായിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലമ്മേ, അന്നു ഞാന്‍ ശരിക്കും കരഞ്ഞുപോയി’; കമല്‍ഹാസനൊപ്പം ഉര്‍വശിയും മകള്‍ തേജാലക്ഷ്മിയും; ‘ആ ദിവസം വരണേയെന്ന് എന്നും പ്രാര്‍ഥിച്ചിരുന്നു’

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കമല്‍ ഹാസനെ കണ്ട സന്തോഷം പങ്കുവച്ച് ഉര്‍വശിയുടെ മകള്‍ തേജാലക്ഷ്മി. ഉര്‍വശിക്കൊപ്പമാണ് തേജാ ലക്ഷ്മി കമല്‍ ഹാസനെ കണ്ടത്. ചെറുപ്പത്തില്‍ പഞ്ചതന്ത്രം സിനിമയുടെ സെറ്റില്‍ കമല്‍ ഹാസന്‍ തന്നെ എടുത്തുകൊണ്ട് നടക്കാറുണ്ടായിരുന്നെന്നും തേജാലക്ഷ്മി പറഞ്ഞു. അന്നത്തെ സംഭവങ്ങളൊന്നും ഓര്‍മയില്‍ ഇല്ലെന്നും എന്നാല്‍ 2025ലെ ഒരു അവാര്‍ഡ് ചടങ്ങില്‍ കമല്‍ ഹാസനെ തൊട്ടടുത്ത് കാണാന്‍ സാധിച്ചെങ്കിലും സംസാരിക്കാനായില്ലെന്നും തേജാലക്ഷ്മി പറഞ്ഞു. ഒടുവില്‍ അമ്മക്കൊപ്പം അദ്ദേഹത്തെ കണ്ടെന്നും പത്തു മിനിട്ടില്‍ താഴെ മാത്രമുള്ള കൂടിക്കാഴ്ച പത്ത് വര്‍ഷം പോലെയാണ് തോന്നിയതെന്നും തേജാ ലക്ഷ്മി പറഞ്ഞു.

‘വര്‍ഷം 2001. ഞാനൊരു കൈക്കുഞ്ഞാണ്, എന്റെ അമ്മയോടൊപ്പം ‘പഞ്ചതന്ത്രം’ സിനിമയുടെ സെറ്റില്‍ ഞാനും ഉണ്ടായിരുന്നുവത്രേ. ഞാന്‍ മിക്കപ്പോഴും വാശികാണിക്കുന്ന ഒരു കുട്ടിയായിരുന്നില്ലെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ വാശി പിടിക്കുന്ന ദിവസങ്ങളില്‍, ഞാന്‍ കരയാതിരിക്കാനായി കമല്‍ സാര്‍ എന്നെയുമെടുത്ത് സെറ്റിലൂടെ നടക്കുകയും എനിക്കിഷ്ടപ്പെട്ട പലഹാരം വാങ്ങിത്തരികയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ കേട്ടുവളര്‍ന്ന കഥയാണ്. അന്ന് ഞാനൊരു കൈക്കുഞ്ഞായിരുന്നത് കൊണ്ട് എനിക്കിതൊന്നും ഓര്‍മ്മയില്ലെങ്കിലും.

Signature-ad

വര്‍ഷം 2025, സൈമ അവാര്‍ഡ്‌സ്. ഞാന്‍ എന്റെ അമ്മയുടെ അടുത്താണ് ഇരിക്കുന്നത്, അമ്മയുടെ തൊട്ടരികിലായി കമല്‍ സാറും. അമ്മയ്ക്കും സ്റ്റേജില്‍ കയറേണ്ട തിരക്കുകള്‍ ഉണ്ടായിരുന്നതുകൊണ്ട്, എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്താന്‍ മറന്നുപോയി. ഓരോ നിമിഷവും ഞാന്‍ അദ്ദേഹത്തെ ഒളിഞ്ഞുനോക്കുകയും, എങ്ങനെ അടുത്തുചെന്ന് ഒരു ‘ഹായ്’ പറയുമെന്ന് മനസില്‍ കണക്കുകൂട്ടുകയുമായിരുന്നു. സത്യം പറഞ്ഞാല്‍, എന്തുകൊണ്ടോ എനിക്ക് വല്ലാത്ത പേടിയായിരുന്നു.

അദ്ദേഹത്തിന് തിരക്കുകള്‍ കാരണം പരിപാടിയില്‍ നിന്ന് നേരത്തെ പോകേണ്ടിയും വന്നു. അന്ന് ഞാന്‍ ശരിക്കും കരഞ്ഞുപോയി. അമ്മയോട് പറഞ്ഞു, ‘എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലമ്മേ, ഒരു ഹായ് പോലും പറയാന്‍ പറ്റിയില്ല. അദ്ദേഹം തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും ഞാന്‍ വെറുതെ നോക്കിയിരുന്നു. എനിക്കിപ്പോള്‍ വല്ലാത്ത കുറ്റബോധം തോന്നുന്നു. എനിക്ക് പേടിയായിരുന്നു’.

അമ്മ പറഞ്ഞു, ‘സാരമില്ല മോളേ, വിഷമിക്കേണ്ട. അദ്ദേഹത്തിന് നിന്നെ ഓര്‍മ്മയുണ്ടാകും, നമുക്ക് എന്തായാലും ഒരു ദിവസം അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി കാണാം’. ആ നിമിഷം മുതല്‍, അദ്ദേഹത്തെ ഉടന്‍ കാണാന്‍ കഴിയണേ എന്നും, അമ്മ പറഞ്ഞ’ ആ ഒരു ദിവസം’വേഗം വരണേ എന്നും ഞാന്‍ എല്ലാ ദിവസവും പ്രാര്‍ഥിക്കാന്‍ തുടങ്ങി.

ഒടുവില്‍ ആ ദിവസം വന്നെത്തി എന്റെ സന്തോഷത്തിനും നന്ദിക്കും അതിരുകളില്ലായിരുന്നു. പത്ത് മിനിറ്റില്‍ താഴെ മാത്രമേ ഞാന്‍ അദ്ദേഹത്തെ കണ്ടുള്ളൂ. പക്ഷേ ആ പത്ത് മിനിറ്റുകള്‍ പത്ത് വര്‍ഷം പോലെയാണ് എനിക്ക് തോന്നിയത്. അതെനിക്ക് എല്ലാമെല്ലാമായിരുന്നു. എല്ലാത്തിനുമുപരി, ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവളായി മാറി. ശരിയായ സമയമാകുമ്പോള്‍ ജീവിതം എത്ര മനോഹരമായാണ് ഓരോ വൃത്തങ്ങളും പൂര്‍ത്തിയാക്കുന്നത്. ഈ ജീവിതത്തോട് ഞാനെന്തിന് എപ്പോഴും നന്ദിയുള്ളവളായിരിക്കണം എന്ന് ഓര്‍മ്മിപ്പിക്കുന്ന നിമിഷങ്ങളാണിത്. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പൊങ്കല്‍ ആശംസകള്‍,’ തേജാലക്ഷ്മി കുറിച്ചു.

തേജാലക്ഷ്മിയുടെ പോസ്റ്റിന് കമന്റുമായി മനോജ് കെ.ജയനും എത്തി. ‘എന്റെ പ്രിയപ്പെട്ട കുഞ്ഞാറ്റേ, അമ്മയ്ക്കും കമല്‍ സാറിനുമൊപ്പം മഹത്തരമായ നിമിഷമാണ് ലഭിച്ചത്. ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സാധിക്കട്ടെ’, എന്നായിരുന്നു മനോജിന്റെ കമന്റ്

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: