പോലീസിനെ പഴിച്ച് നിർഭാഗ്യയായ കോടിപതി..!! സർക്കാർ തരുന്നതിലും കൂടുതൽ തരാം, മോഹന വാഗ്ദാനത്തിൽ വീണു..!! ഒരു കോടി ലോട്ടറിയടിച്ചപ്പോൾ സർക്കാർ തരുന്ന 63 അല്ല, 80 ലക്ഷം തരാമെന്ന് ഓഫർ, ഒടുവിൽ സംഘം തോക്കുചൂണ്ടി ടിക്കറ്റും തട്ടിയെടുത്ത് എസ്കോർട്ടു വന്ന സുഹൃത്തിനെ പെരുവഴിയിലുപേക്ഷിച്ച് മുങ്ങി..

പേരാവൂർ: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പണത്തേക്കാൾ കൂടുതൽ പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിനായി തെരച്ചിൽ ഊർജിതമാക്കി പോലീസ്. ഒരു കോടി രൂപ സമ്മാനം ലഭിച്ചാൽ നിയമാനുസൃതം ലഭിക്കുന്ന 63 ലക്ഷം രൂപയേക്കാൾ കൂടുതൽ പണം മോഹിച്ച് ടിക്കറ്റ് മറിച്ചുവില്ക്കാൻ തയ്യാറായ പേരാവൂർ സ്വദേശി അക്കരമ്മൽ സാദിഖാണ് കടിച്ചതുമില്ല പിടിച്ചതുമില്ലായെന്ന അവസ്ഥയിൽ നട്ടംതിരിയുന്നത്.
2025 ഡിസംബർ 30-ന് നറുക്കെടുത്ത കേരള സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം സാദിഖിനായിരുന്നു ലഭിച്ചത്. 12 ടിക്കറ്റുകളടങ്ങുന്ന സെറ്റാണ് പേരാവൂരിലെ കെ. കൃഷ്ണന്റെ ഇരിട്ടി റോഡിലെ ധനലക്ഷ്മി ലോട്ടറി സ്റ്റാൾ സാദിഖിന് നല്കിയത്. എന്നാൽ, ഒരുകോടി രൂപ ലോട്ടറിയടിച്ചതോടെ സാദിഖിനെ കുടുക്കാൻ മോഹന വാഗ്ദാനങ്ങളുമായി വിവിധ തട്ടിപ്പ് സംഘങ്ങൾ പേരാവൂരിലെത്തി.
സംഘം 80 ലക്ഷം മുതൽ വിവിധ തുകകൾ ഓഫർ ചെയ്ത് സാദിഖിനെ കെണിയിൽ വീഴ്ത്തി. ലോട്ടറി തുക സർക്കാരിൽനിന്ന് ലഭിക്കാൻ മാസങ്ങളെടുക്കുമെന്നും സർക്കാർ നൽകുന്നതിനേക്കാൾ 10 ലക്ഷം രൂപ അധികം നല്കാമെന്നുമുള്ള വാഗ്ദാനം ലഭിച്ചതോടെ തട്ടിപ്പ് സംഘത്തിന്റെ വലയിൽ സാദിഖ് നൈസായി തലവെച്ചുകൊടുത്തു.
കയ്യടിച്ചു പ്രോത്സാഹിപ്പിച്ച് പേരാവൂരിലെ ഏതാനും ചിലരും സാദിഖിന് കൂട്ടുനിന്നു. ഇതേത്തുടർന്നാണ് മുൻപിൻ നോക്കാതെ തട്ടിപ്പുസംഘത്തിന് ലോട്ടറി കൈമാറാൻ സാദിഖ് തയ്യാറായത്. സമ്മാനാർഹമായ ലോട്ടറി കൈയിൽ കിട്ടിയ ഉടൻ തട്ടിപ്പുസംഘം സാദിഖിന്റെ സുഹൃത്തിനെയും കൊണ്ട് രക്ഷപ്പെട്ടെങ്കിലും തട്ടിപ്പുസംഘാംഗമായ ഒരാളെ തടങ്കലിലാക്കി ചെറുക്കാൻ ശ്രമിച്ച സാദിഖിനെ പറ്റിച്ച് കൂട്ടുകാരനെ പെരുവഴിയിലിറക്കിവിട്ട് സംഘം മുങ്ങി.
അതേസമയം കൈയിൽ കിട്ടിയ തട്ടിപ്പുസംഘാംഗമായ ചാക്കാട് സ്വദേശി ഷുഹൈബിനെ കാക്കയങ്ങാട് ടൗണിൽ ഇറക്കിവിടുംവരെ കൂടെയുണ്ടായിരുന്ന പേരാവൂർ പോലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് സാദിഖ് പറയുന്നു. സാദിഖിന്റെ വാഹനത്തിൽനിന്ന് കാക്കയങ്ങാട് ടൗണിൽ ഇറക്കിവിട്ടയുടനെ ബൈക്കുകളിലെത്തിയ സംഘം ഷുഹൈബിനെ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ഈ സംഘത്തെ പിടികൂടാൻ പോലീസ് തയ്യാറായിരുന്നുവെങ്കിൽ കവർച്ച ചെയ്യപ്പെട്ട ലോട്ടറി ടിക്കറ്റ് ബുധനാഴ്ച രാത്രിതന്നെ കണ്ടെത്താൻ കഴിയുമായിരുന്നു. പിന്നീട് സംഭവം വിവാദമായതോടെ വ്യാഴാഴ്ച രാവിലെ ഷുഹൈബിനെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മറ്റു നാലുപേരെയും കുറിച്ച് വ്യക്തമായ വിവരങ്ങൾ ശേഖരിക്കാൻ പേരാവൂർ പോലീസിന് സാധിച്ചിട്ടില്ല.
തട്ടിപ്പ് വന്ന വഴി ഇങ്ങനെ
കേരള ‘സ്ത്രീശക്തി’ ലോട്ടറി ടിക്കറ്റിന്റെ ഒരു കോടി രൂപ പേരാവൂരിലെ എംഎം ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ എ.കെ. സാദിഖിനാണ് ലഭിച്ചത്. ഡിസംബർ 30-നായിരുന്നു ഇതിന്റെ നറുക്കെടുപ്പ്. സ്ത്രീശക്തി ലോട്ടറിയുടെ എസ്എൽ 804592 നമ്പർ ടിക്കറ്റിനാണ് ലോട്ടറി അടിച്ചത്. എന്നാൽ ടിക്കറ്റിന് സർക്കാർ നൽകുന്നതിലുമധികം തുക നൽകാമെന്ന് പറഞ്ഞ് കാറിലെത്തിയ സംഘം സാദിഖിനെ സമീപിക്കുകയായിരുന്നു. ഒരുകോടിയുടെ ടിക്കറ്റിന് സാദിഖിന് 68 ലക്ഷം രൂപയും ഇടനിലക്കാർക്ക് നാലുലക്ഷം രൂപയും പറഞ്ഞുറപ്പിച്ചു. ബുധനാഴ്ച രാവിലെ സാദിഖിന്റെ സ്ഥാപനത്തിലെത്തിയ സംഘം ലോട്ടറി ടിക്കറ്റ് ഒറിജിനലാണെന്ന് ഉറപ്പുവരുത്തി. രാത്രിയോടെ തുകയുമായെത്തി ടിക്കറ്റ് വാങ്ങാമെന്ന് പറഞ്ഞ് മടങ്ങി. വിശ്വാസത്തിനായി സംഘത്തിലൊരാളെ സാദിഖിന്റെ സ്ഥാപനത്തിൽ നിർത്തുകയും ചെയ്തു.
തുടർന്നു രാത്രി ഒൻപതോടെയെത്തിയ സംഘം പണം കാറിൽനിന്ന് കൈമാറാമെന്ന് പറഞ്ഞ് ടിക്കറ്റുമായി കാറിനരികിലെത്താൻ ആവശ്യപ്പെട്ടു. സാദിഖിന്റെ കടയുടെ സമീപത്തുള്ള പേരാവൂർ താലൂക്ക് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ. സുഹൃത്ത് ചെക്യോടൻ വിജേഷിനൊപ്പമാണ് സാദിഖ് ചെന്നത്. ടിക്കറ്റുമായി വിജേഷ് കാറിനുള്ളിൽ കയറിയയുടൻ സംഘം കാർ സ്റ്റാർട്ട്ചെയ്ത് കടന്നുകളയുകയും വഴിമധ്യേ സംഘത്തിലൊരാൾ വിജേഷിന്റെ കഴുത്തിൽ തോക്കുചൂണ്ടി ടിക്കറ്റ് കൈക്കലാക്കുകയുമായിരുന്നു.
ഇതോടെ സാദിഖിന്റെ കടയിൽ നിർത്തിയിരുന്ന സംഘാംഗം മുഴക്കുന്ന് ചാക്കാടിലെ ചെമ്പോത്ത് ഷുഹൈബിനെ (30) സാദിഖ് തടഞ്ഞുവെച്ച് പേരാവൂർ പോലീസിൽ അറിയിച്ചു. ടിക്കറ്റുമായി കടന്നുകളഞ്ഞ സംഘമാകട്ടെ ഷുഹൈബിനെ കാക്കയങ്ങാട് ടൗണിലെത്തിച്ചാൽ വിജേഷിനെ വിട്ടുനൽകാമെന്ന് അറിയിച്ചു. ആ വാഗ്ദാനത്തിൽ സാദിഖും പോലീസും ഒരുപോലെ വീണു. പോലീസിന്റെ സാന്നിധ്യത്തിൽ ഷുഹൈബിനെ കാക്കയാങ്ങാട്ടെത്തിച്ചു. പോലീസും കൂടെയുണ്ടെന്നു വിവരം കിട്ടിയതോടെ തട്ടിപ്പുസംഘം മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലെ പാറക്കണ്ടത്ത് റോഡരികിൽ വിജേഷിനെ ഇറക്കിവിട്ടു. പിന്നാലെ ഷുഹൈബിനെ സംഘം വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു.
തന്റെ ടിക്കറ്റ് തട്ടിയെടുത്തതായി കാണിച്ച് സാദിഖ് വ്യാഴാഴ്ച രാവിലെ സ്റ്റേഷനിൽ പരാതിയുമായി എത്തിയതോടെയാണ് സംഭവത്തിന്റെ സീരിയസ്നസ് പോലീസിന് ബോധ്യമായത്. ഉടനെ ഷുഹൈബിനെ വീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.






