Breaking NewsLead News

ഇറാന്‍ തിരിച്ചടി തുടങ്ങി; ഇസ്രയേലില്‍ മിസൈല്‍ ആക്രമണം; കനത്ത ജാഗ്രതയില്‍ അമേരിക്കയും

ടെല്‍ അവീവ്: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലില്‍ വീണ്ടും ആക്രമണം നടത്തി ഇറാന്‍. ഇറാന്‍ ആക്രമിച്ചതായി ഇസ്രയേല്‍ സേന അറിയിച്ചു. ഇസ്രയേലിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മിസൈല്‍ ആക്രമണമാണ് ഇറാന്‍ നടത്തിയത്. നേരത്തേ ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കി എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റില്‍ അവകാശപ്പെട്ടത്.

ഇസ്രയേലിലെ വിവിധയിടങ്ങളില്‍ സ്ഫോടനശബ്ദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രദേശങ്ങളില്‍ സൈറണും മുഴങ്ങി. ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായും ആക്രമണം പ്രതിരോധിക്കാനും ഭീഷണി ഇല്ലാതാക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഇസ്രയേല്‍ സേന അറിയിച്ചിട്ടുണ്ട്.

Signature-ad

30-ഓളം മിസൈലുകള്‍ ഉപയോഗിച്ചാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം അമേരിക്കയിലും കനത്ത ജാഗ്രത തുടരുകയാണ്. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരങ്ങളിലെ പ്രധാനസ്ഥാപനങ്ങളെല്ലാം നിരീക്ഷിച്ചുവരുകയാണ്. ഇറാന്‍ തിരിച്ചടിക്കാനുള്ള സാധ്യത അമേരിക്ക മുന്‍കൂട്ടികാണുന്നുണ്ട്.

ഇസ്രയേലിലെ പ്രധാനപ്പെട്ട എല്ലാ ഓഫീസുകളും കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്. ആളുകളെ ഒഴിപ്പിച്ചു. ഇറാനില്‍ നിന്ന് പ്രത്യാക്രമണം പ്രതീക്ഷിച്ചാണ് മുന്നൊരുക്കം. സ്‌കൂളുകളും ജോലിസ്ഥലങ്ങളും ഓഫീസുകളുമെല്ലാം അടച്ചിടാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത്യാവശ്യ സേവനങ്ങള്‍ മാത്രം തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി.

ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിളിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. പിന്നാലെ നെതന്യാഹു അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേര്‍ക്കുകയും വിവരങ്ങള്‍ വിലയിരുത്തുകയും ചെയ്തു. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയും അടച്ചിട്ടുണ്ട്.

 

Back to top button
error: