ഇനി തിരിച്ചടിക്കുള്ള സമയം; ബഹ്‌റൈനിലേക്ക് മിസൈല്‍ ആക്രമണം നടത്തുമെന്ന് ഇറാന്‍; അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും കപ്പലുകളെയും വെറുതേവിടില്ല; ഫോര്‍ദോയെ കാക്കുന്നത് റഷ്യന്‍ പ്രതിരോധം; തകര്‍ക്കാന്‍ കഴിഞ്ഞില്ലെന്നും ഇറാന്‍ മാധ്യമങ്ങള്‍; ആക്രമിച്ചാല്‍ ഇറാന്‍ കത്തിക്കുമെന്ന് ട്രംപ്
ഫോര്‍ദോയ്ക്കു നേരെ ആക്രമണമുണ്ടായെങ്കിലും പൂര്‍ണമായും തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇറാന്‍ പറഞ്ഞു. ഫോര്‍ദോയ്ക്ക് മേല്‍ വ്യോമപ്രതിരോധ സംവിധാനം ജാഗരൂകമായിരുന്നുവെന്നും യുഎസ് ആക്രമണം ഏശിയിട്ടില്ലെന്നുമാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോര്‍ദോയ്ക്ക് പുറമെ നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളും യുഎസ് ആക്രമിച്ചു

ടെഹ്‌റാന്‍: ഫോര്‍ദോ ഉള്‍പ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്കുനേരെ യുഎസ് ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ച് ഇറാന്‍. അന്യായമായ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള ഇറാന്റെ സമയമാണ് ഇനിയെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി. അമേരിക്ക ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വലിയ നാശം വിതയ്ക്കുമെന്നും ഖമേനി പറഞ്ഞു. കാലതാമസമില്ലാതെ അമേരിക്കയ്ക്ക് മറുപടി നല്‍കാനുള്ള സമയമാണിതെന്നായിരുന്നു ഖമേനിയുടെ പ്രതിനിധി ഹുസൈന്‍ ഷര്യത്മദരിയുടെ പ്രതികരണം.
ആദ്യഘട്ടമെന്ന നിലയില്‍ ബഹ്‌റൈനിലെ യുഎസ് നാവികസേനയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുമെന്നും അമേരിക്ക, ബ്രിട്ടിഷ്, ജര്‍മന്‍, ഫ്രഞ്ച് കപ്പലുകള്‍ ഹോര്‍മൂസിലൂടെ കടത്തിവിടില്ലെന്നും ഷര്യത്മദരി പ്രഖ്യാപിച്ചു. യുഎസ് ആക്രമണത്തില്‍ ഇറാനിലെ ജനങ്ങള്‍ക്ക് ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നും ഫോര്‍ദോ ഉള്‍പ്പടെ സുരക്ഷിതമാണെന്നും ഇറാന്‍ വ്യക്തമാക്കി.

അമേരിക്കന്‍ ആക്രമണത്തെ വകവയ്ക്കുന്നില്ലെന്നും ആണവ പദ്ധതികളുമായി ഇറാന്‍ മുന്നോട്ട് പോകുമെന്നും ഇറാന്റെ ആണവോര്‍ജ ഏജന്‍സി പ്രഖ്യാപിച്ചു. ‘ശത്രുക്കളുടെ ആക്രമണത്തിന് മുന്നില്‍ പതറി, വികസന പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഇറാന്റെ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഉദ്ദേശിക്കുന്നില്ല. ധീര രക്തസാക്ഷികളുടെ ചോരയില്‍ പടുത്തുയര്‍ത്തിയതാണ് ആണവ പദ്ധതിയെന്നും അത് പരിപാലിക്കുമെന്നും’ ഔദ്യോഗിക മാധ്യമങ്ങളിലൂടെ സംഘടന വ്യക്തമാക്കി.
അതേസമയം, ഇറാന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രത്യാക്രമണം ഉണ്ടായാല്‍ ഇപ്പോള്‍ ഉണ്ടായതിലും ഭീകരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് തിരിച്ചടിച്ചു. സമാധാനത്തിന്റെ സമയമാണിതെന്നും വഴങ്ങുന്നതാണ് ഇറാന് നല്ലതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ‘നാല് പതിറ്റാണ്ടായി അമേരിക്കയുടെ അന്ത്യം, ഇസ്രയേലിന്റെ അന്ത്യം എന്നാണ് ഇറാന്‍ ഉരുവിട്ട് പോന്നത്. ഞങ്ങളുടെ ജനങ്ങളെ അവര്‍ കൊന്നു, ആയിരക്കണക്കിന് പൗരന്‍മാരെ ഞങ്ങള്‍ക്ക് നഷ്ടമായി. ഇത് ഇങ്ങനെ തുടര്‍ന്ന് പോകാന്‍ അനുവദിക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചതാണ്. നെതന്യാഹുവിനെ അഭിനന്ദിക്കാനും നന്ദിപറയാനും ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. ഒരു ടീമായാണ് ഞങ്ങള്‍ ഇത് ചെയ്തത്’. ഇസ്രയേലിന്റെ ഈ ഭീഷണിയെ തുടച്ച് നീക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് പ്രതികരിച്ചു.
ഫോര്‍ദോയ്ക്കു നേരെ ആക്രമണമുണ്ടായെങ്കിലും പൂര്‍ണമായും തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇറാന്‍ പറഞ്ഞു. ഫോര്‍ദോയ്ക്ക് മേല്‍ വ്യോമപ്രതിരോധ സംവിധാനം ജാഗരൂകമായിരുന്നുവെന്നും യുഎസ് ആക്രമണം ഏശിയിട്ടില്ലെന്നുമാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോര്‍ദോയ്ക്ക് പുറമെ നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളും യുഎസ് ആക്രമിച്ചു
13,500 കിലോ ഗ്രാം ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബാണ് ഫോര്‍ഡോയ്ക്ക് നേരെ യുഎസ് പ്രയോഗിച്ചത്. ഫോര്‍ഡോ പര്‍വതങ്ങള്‍ക്കടിയില്‍ 60 മീറ്റര്‍ മുതല്‍ 80 മീറ്റര്‍ വരെയെങ്കിലും താഴ്ചയിലാണ് ഇറാന്‍ ഫോര്‍ദോ ആണവ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. റഷ്യന്‍നിര്‍മിത വ്യോമപ്രതിരോധമാണ് ഇതിനുള്ളത്. ഒപ്പം പര്‍വതങ്ങളുടെ സംരക്ഷണവും. അതുകൊണ്ട് തന്നെ അമേരിക്കയ്ക്ക് അല്ലാതെ മറ്റാര്‍ക്കും ആ പ്രദേശത്തെത്തി ആക്രമിക്കുക അസാധ്യവുമായിരുന്നു. ബങ്കര്‍ ബസ്റ്ററുകളടക്കം അമേരിക്ക പ്രയോഗിച്ചുവെങ്കിലും അതിനെയും ഫോര്‍ഡോ അതിജീവിക്കാന്‍ സാധ്യത ഏറെയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
ഫോര്‍ദോയ്ക്ക് മേല്‍ മുഴുവന്‍ പ്രഹരശേഷിയോടെയുമാണ് ബോംബിട്ടതെന്നായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. ബി2 സ്റ്റെല്‍ത്ത് ബോംബറുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചതെങ്കിലും അതിലേത് തരം ബോംബാണ് പ്രയോഗിച്ചതെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല. ഇസ്രയേലിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് യുഎസ് ഫോര്‍ഡോ ആക്രമിക്കാനെത്തിയത്. ജിബിയു-57 എന്ന അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബ് അതിന്റെ മുഴുവന്‍ ഭാരത്തോടെയും ഗതികോര്‍ജത്തോടെയും ഭൂമിയിലേക്ക് ഇറങ്ങിയ ശേഷം ലക്ഷ്യത്തിലെത്തി പൊട്ടിത്തെറിക്കുകയാണ് ചെയ്യുന്നത്. അമേരിക്കയുടെ കൈവശം മാത്രമാണ് നിലവില്‍ ഇതുള്ളത്. ഇതാദ്യമായാണ് അമേരിക്ക പ്രയോഗിക്കുന്നതും. ഭൗമോപരിതലത്തില്‍ നിന്നും 200 അടി (60 മീറ്റര്‍)വരെ താഴെ എത്തിയ ശേഷം പൊട്ടിത്തെറിക്കുന്ന ഇവ ഒന്നിന് പിന്നാലെ ഒന്നായി വിക്ഷേപിച്ചാല്‍ മാരക പ്രഹരമായിരിക്കും ഏല്‍ക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുറേനിയം സമ്പുഷ്ടീകരണം അതിന്റെ പൂര്‍ണതോതിലാണ് ഫോര്‍ഡോയില്‍ നടക്കുന്നതെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഫോര്‍ഡോയില്‍ ആണവായുധത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അഭ്യൂഹം വാസ്തവമാണെങ്കില്‍ ബങ്കര്‍ ബസ്റ്റര്‍ പ്രയോഗിച്ചതോടെ ആണവ വികിരണം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നതാന്‍സിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നേരത്തെ ആണവ ചോര്‍ച്ച ഉണ്ടായെങ്കിലും അത് സൈറ്റിനുള്ളില്‍ മാത്രമായിരുന്നുവെന്ന് ആണവ ഏജന്‍സി സ്ഥിരീകരിച്ചിരുന്നു.
ഷിയ മുസ്‌ലിംകളുടെ പുണ്യഭൂമിയായ ക്വോമിന് 26 കിലോമീറ്റര്‍ മാത്രം അകലെയുള്ള പര്‍വതഗ്രാമമാണ് ഫോര്‍ഡോ. 1980 മുതല്‍ 1988 വരെയുള്ള ഇറാന്‍ ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരില്‍ ഏറെയും ജനിച്ച ഇറാന്റെ വീരഭൂമി കൂടിയാണിവിടം. ഹസന്‍ അക്വ, ഫോര്‍ഡോ മലനിരകള്‍ക്ക് ഇടയില്‍ ഫോര്‍ഡു നദിയുടെ തീരത്ത് ഏറ്റവും തന്ത്രപ്രധാനമായ യുറേനിയം സമ്പുഷ്ടീകരണ ശാല ഇറാന്‍ സ്ഥാപിച്ചത് പരമരഹസ്യമാക്കിയാണ്. 2009ലാണ് ഇറാന്റെ ഈ ആണവകേന്ദ്രത്തെ കുറിച്ച് യുഎസ് അറിഞ്ഞത്. 81 ശതമാനം വരെ യുറേനിയം സമ്പുഷ്ടീകരണം ഫോര്‍ഡോയില്‍ സാധ്യമാണ്. പലതവണ ഇറാന്റെ ഫോര്‍ഡോ ആക്രമിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങിയെങ്കിലും കാര്യമുണ്ടായില്ലെന്നതാണ് വാസ്തവം.