കോഴിക്കോട്: കഴിഞ്ഞ രാത്രി താമരശ്ശേരി ഓടക്കുന്നുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാര്‍ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് (34) ആണ് രാവിലെ 6 മണിയോടെ മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ 11 പേര് ചികിത്സയിലാണ്.
കോഴിക്കോട് – വയനാട് ദേശീയപാതയില്‍ താമരശ്ശേരിക്കും പരപ്പന്‍പൊയിലിനും ഇടയില്‍ ഓടക്കുന്ന് വളവില്‍ രാത്രി 11:15 നാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസും ലോറിയും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. തണ്ണിമത്തനുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയെ കാര്‍ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ദിശയില്‍നിന്നു വന്ന ബസില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായി തകര്‍ന്നു. തൊട്ടുപിന്നാലെ ഉണ്ടായിരുന്ന ലോറി കാറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു.
അപകടത്തില്‍ ബസ് ഡ്രൈവര്‍ പുറത്തേക്കു തെറിച്ചു വീണു. തുടര്‍ന്ന് ബസ് സമീപത്തെ കടവരാന്തയിലേക്കു നീങ്ങി. എന്നാല്‍ റോഡില്‍നിന്ന് എഴുന്നേറ്റ ബസ് ഡ്രൈവര്‍ ചാടിക്കയറി ഹാന്‍ഡ് ബ്രേക്ക് ഇട്ട് നിര്‍ത്തുകയായിരുന്നു. കാറില്‍ 3 പേരാണ് ഉണ്ടായിരുന്നത്. ലോറിയില്‍ ഉണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ്സില്‍ ഉണ്ടായിരുന്ന 9 പേര്‍ക്കു പരുക്കേറ്റു.
കാര്‍ യാത്രക്കാരായ അബൂബക്കര്‍ സിദ്ദീഖ്, ഷഫീര്‍ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബസ് യാത്രക്കാരായ ധന്യ, സില്‍ജ, മുക്ത, ചമല്‍, ചന്ദ്ര ബോസ്, ലുബിന ഫര്‍ഹത്ത്, നൗഷാദ്, അഫ്സത്ത്, ബസ് ഡ്രൈവര്‍ വിജയകുമാര്‍, കണ്ടക്ടര്‍ സിജു എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.