എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ 3 പേരെ അയൽവാസി തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ നിർണായക വിവരങ്ങൾ അറിവായി. പ്രതി ഋതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മിൽ സംഭവത്തിനു തൊട്ടു മുൻപ് വീട്ടിലെ വളർത്തുനായയെ ചൊല്ലി തർക്കം നടന്നിരുന്നു. വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി എന്നു പറഞ്ഞാണ് ഋതു കയ്യിൽ ഇരുമ്പ് വടിയുമായി ഇന്നലെ വൈകിട്ട് അയക്കാരനായ വേണുവിൻ്റെ വീട്ടിലെത്തിയത്. ഈ കാരണം പറഞ്ഞ് ഋതു ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതിനിടെ വേണുവിന്റെ മകൾ വിനീഷ ഋതു ഭീഷണിപ്പെടുത്തുന്ന ദൃശ്യം ഫോണിൽ പകർത്തി. കുപിതനായ ഇയാൾ ബലപ്രയോഗത്തിലൂടെ ഫോൺ കൈക്കലാക്കി. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. കയ്യിലിരുന്ന ഇരുമ്പ് വടികൊണ്ട് വേണു, ഭാര്യ ഉഷ, മരുമകൻ ജിതിൻ, മകൾ വിനീഷ എന്നിവരെ ഋതു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ജിതിൻ ഒഴികെ മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. വീട്ടിലുണ്ടായിരുന്ന ജിതിന്റെ കുട്ടികളെ ഇയാൾ ഉപദ്രവിച്ചില്ല.
ഋതു കൊലപാതകത്തിനു ശേഷം ജിതിന്റെ സ്കൂട്ടർ എടുത്ത് സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ യാദൃശ്ചികമായി ആ വഴി വന്ന വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥിരം കുറ്റവാളിയായ ഋതുവിനെ കണ്ട് പന്തികേടു തോന്നി തടഞ്ഞു നിർത്തി.
ചോദ്യം ചെയ്യലിൽ കൊലപാതക വിവരം പുറത്തുന്നു. ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഋതുവിനെ വിശദമായ ചോദ്യം ചെയ്യലിനായി വടക്കേക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇയാൾ നോർത്ത് പറവൂർ പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. വടക്കേക്കര, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.
കൊല്ലപ്പെട്ട വേണു, ഉഷ, വിനീഷ എന്നിവരുടെ മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജിതിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതി ഋതു മയക്കുമരുന്ന ലഹരിയിലാണു കൊലപാതകം നടത്തിയതെന്നും സംശയിക്കുന്നു. ഇയാളെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കും