ആലപ്പുഴ തകഴി പുലിമുഖം ജെട്ടിക്കു സമീപം കഴിഞ്ഞ ദിവസം കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ 9 യുവാക്കൾ പിടിയിലായ കേസിൽ എക്സൈസ് ചുമത്തിയത് 2 വകുപ്പുകൾ. ആദ്യ രണ്ടു പ്രതികളായ എസ്. സച്ചിൻ, മിഥുൻ ഉണ്ണിക്കൃഷ്ണൻ എന്നിവർക്കെതിരെ കഞ്ചാവ് കൈവശം വച്ചതിനുള്ള എൻഡിപിഎസ് ആക്ട് 20 (ബി) വകുപ്പാണ് ചുമത്തിയത്. 3 മുതൽ 9 വരെ പ്രതികൾക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനുള്ള എൻഡിപിഎസ് ആക്ട് 27 (ബി) വകുപ്പും ചുമത്തി. ജെറിൻ, ജോസഫ്, സഞ്ജിത്ത്, അഭിഷേക്, ബെൻസൺ, സോജൻ, കനിവ് എന്നിവരാണ് ഈ പ്രതികൾ. യു.പ്രതിഭ എംഎൽഎയുടെ മകനാണ് കേസിലെ 9–ാം പ്രതിയായ കനിവ്.
മകനെതിരെ കള്ള വാർത്തയാണ് നൽകിയതെന്ന വാദവുമായി ഫേസ് ബുക്ക് ലൈവിലൂടെ യൂ പ്രതിഭ രംഗത്ത് എത്തിയിരുന്നു. മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു എംഎൽഎ പറഞ്ഞത്. അതിനിടെയാണ് കനിവിനെ പ്രതിചേർത്തു കൊണ്ടുള്ള എഫ്.ഐ.ആറിന്‍റെ പകർപ്പ് മാധ്യമങ്ങൾ പുറത്തുവിട്ടത്.
ശനിയാഴ്ചയാണ് 3 ഗ്രാം കഞ്ചാവുമായി യുവാക്കളെ കുട്ടനാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കഞ്ചാവിനു പുറമേ കഞ്ചാവ് കലർത്തിയ 500 മില്ലിഗ്രാം പുകയില മിശ്രിതം, കഞ്ചാവ് വലിക്കുന്നതിനായി ഉപയോഗിച്ച ദ്വാരമിട്ട കുപ്പി, പപ്പായത്തണ്ട് എന്നിവയാണു പ്രതികളിൽ നിന്നു പിടിച്ചെടുത്തതെന്ന് എക്സൈസിന്റെ ക്രൈം ആൻഡ് ഒക്കറൻസ് റിപ്പോർട്ടിൽ പറയുന്നു. വിശദമായ റിപ്പോർട്ട് ഇന്നു കോടതിയിൽ സമർപ്പിക്കും. അറസ്റ്റിലായ പ്രതികളെ കഴിഞ്ഞ ദിവസം തന്നെ ജാമ്യത്തിൽ വിട്ടിരുന്നു.
താൻ സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന വ്യക്തിയാണെന്നും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ കാംപയിൻ നടത്തുന്നുണ്ടെന്നും അവകാശപ്പെട്ട യു. പ്രതിഭ, തൻ്റെ മകൻ സമൂഹത്തിൻ്റെ ഭാഗമാണെന്നും അവൻ മറ്റുള്ളവർക്കൊപ്പം കൂട്ടുകൂടിയിട്ടുണ്ടാവും എന്നും പറഞ്ഞു.