IndiaNEWS

മണാലിയിൽ മഞ്ഞുവീഴുന്നത് കാണാൻ പോയി, സോളാങ് വാലിയില്‍ കുടുങ്ങിയ 10,000ത്തിലേറെ വിനോദസഞ്ചാരികളെ ഒഴിപ്പിച്ച്‌ പൊലീസ്

    ഹിമാചല്‍ പ്രദേശിലെ മനോഹരമായ ഹില്‍ സ്റ്റേഷനായ മണാലിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികൾ സന്ദര്‍ശിക്കുന്ന സ്ഥലം. മനംകവരുന്ന ബിയാസ് നദിയുടെ തീരത്തുള്ള ഈ പ്രദേശം, കുളു താഴ്‌വരയുടെ വടക്കന്‍ മേഖലയിൽ  സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2,050 മീറ്റര്‍ ഉയരത്തിലുള്ള മണാലിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളും, കൊട്ടാരങ്ങളും, അതിശയകരമായ പ്രകൃതിഭംഗികളും ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ഈ സീസണിൽ മണാലിയില്‍  കനത്ത മഞ്ഞുവീഴ്ചയാണ്. കഴിഞ്ഞ ദിവസം മഞ്ഞു വീഴുന്നത് കാണാൻ പോയ നിരവധിയാളുകള്‍ ഇവിടെ കുടുങ്ങി.  സോളാങ് താഴ്‌വരയില്‍ കുടുങ്ങിയ 10,000ത്തിലധികം വിനോദസഞ്ചാരികളെ ഹിമാചല്‍ പ്രദേശ് പൊലീസ് സുരക്ഷിതമായി ഒഴിപ്പിച്ചു.

Signature-ad

3000ത്തോളം വാഹനങ്ങളും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഡ്രൈവർമാർ ഇല്ലാത്ത അസംഖ്യം  കാറുകളും പ്രദേശത്തുള്ളതായി പൊലീസ് പറയുന്നു.

ഈ വാഹനങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും കാലാവസ്ഥ മെച്ചപ്പെട്ടാല്‍ നീക്കം ചെയ്യുമെന്നും മണാലിയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു. മോശം കാലാവസ്ഥയും അപകടകരമായ സാഹചര്യങ്ങളും കാരണം സോളാങ് വാലിയിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനവിലക്കുണ്ട്. നെഹ്‌റു കുണ്ഡ് വരെ മാത്രമേ വാഹനങ്ങള്‍ അനുവദിക്കൂ.

അതേസമയം, കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് കഴിഞ്ഞ ഒരാഴ്‌ചയായി അടല്‍ തുരങ്കത്തിലേക്ക് പ്രവേശിക്കാൻ കഴിയുമായിരുന്നില്ല. 15 കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട ക്യൂവാണ് ഇവിടെ ഉണ്ടായിരുന്നത്. നാലും അഞ്ചും മണിക്കൂറിലേറെ ആളുകള്‍ക്ക് ബ്ലോക്കില്‍ പെട്ട് കിടക്കേണ്ടിവന്നിരുന്നു. ഏതാനും വാഹനങ്ങള്‍ മഞ്ഞുമൂടിയ റോഡുകളില്‍ നിന്ന് തെന്നിമാറിയത് സ്ഥിതി കൂടുതല്‍ വഷളാക്കി.

ഇത്രയും മോശം കാലാവസ്ഥയായിട്ടും മണാലിയെക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ കുറവുണ്ടായില്ല. മണാലിയിലെ ഹോട്ടലുകളിലെ താമസ നിരക്ക് 70 ശതമാനം വരെ ഉയർന്നു. മിക്ക ഹോട്ടലുകളും മറ്റ് താമസ സൗകര്യങ്ങളും ഡിസംബർ 25നകം പൂർണമായും ബുക്ക് ചെയ്യപ്പെട്ടു.

അടുത്ത 48 മണിക്കൂറിനുള്ളില്‍ കൂടുതല്‍ മഞ്ഞുവീഴ്‌ചയ്‌ക്ക് സാദ്ധ്യതയുള്ളതിനാല്‍ മേഖലയില്‍ കർശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശിൻ്റെ മധ്യഭാഗത്തും ഉയർന്ന കുന്നുകളിലും മിതമായ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജാഗ്രതയോടെ വാഹനമോടിക്കാനും അമിത വേഗം ഒഴിവാക്കാനും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: