കണ്ണൂര്‍: മാടായി കോ-ഓപറേറ്റീവ് കോളേജിലെ നിയമനത്തില്‍ അഴിമതി ആരോപിച്ച് എം.കെ രാഘവന്‍ എം.പിയെ വഴിതടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എം.കെ. രാഘവന്‍ ചെയര്‍മാനായ പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുളള മാടായി കോളേജില്‍ അദ്ദേഹത്തിന്റെ ബന്ധുവായ സി.പി.എം പ്രവര്‍ത്തകന് നിയമനം നല്‍കാനുള്ള ഭരണസമിതി നീക്കത്തിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
ഇന്റര്‍വ്യൂ നിരീക്ഷിക്കാന്‍ എത്തിയ കോളേജ് ചെയര്‍മാന്‍ എം.കെ. രാഘവന്‍ എം.പിയെ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് മുദ്രാവാക്യം വിളിക്കുകയും ഇന്റര്‍വ്യൂ നടക്കുന്ന ഹാളിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. പോലീസെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്.
കല്ല്യാശ്ശേരി – പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ അവഗണിച്ചാണ് ബന്ധുവും കുഞ്ഞിമംഗലം സ്വദേശിയുമായ സി.പി.എമ്മുകാരന് ജോലി നല്‍കാന്‍ എം.കെ. രാഘവന്‍ എംപിയുടെ നീക്കം എന്നാണ് ആരോപണം.
നിയമന നീക്കത്തിനെതിരെ കുഞ്ഞിമംഗലത്തെ മുന്നൂറോളം പ്രവര്‍ത്തകര്‍ ഒപ്പിട്ട കത്ത് കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക്, ഡി.സി.സി, കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വത്തിന് പരാതിയായി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് എംപി സി.പി.എം പ്രവര്‍ത്തകന് പിന്‍വാതില്‍ നിയമനം നടത്താന്‍ തയ്യാറാകുന്നതെന്നും പരാതിയുണ്ട്.
ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണമെന്നും പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും അവഗണിച്ചു തന്നിഷ്ടപ്രകാരം മുന്നോട്ടു പോകുന്ന ഇത്തരത്തിലുളള നേതൃത്വം ഈ പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
മാടായി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.പി.ശശി, ഡിസിസി എക്സിക്യൂട്ടിവ് അംഗം കാപ്പാടന്‍ ശശിധരന്‍, കുഞ്ഞിമംഗലം മണ്ഡലം വൈസ് പ്രസിഡന്റ് സതീഷ്‌കുമാര്‍. കെ.വി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം നേതാക്കള്‍ തുടങ്ങിയ അമ്പതോളം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.