തിരുവനന്തപുരം: സിപിഎം മുന്‍ ഏരിയ കമ്മിറ്റി നേതാക്കളായ മധു മുല്ലശ്ശേരിയെയും ബിപിന്‍ സി ബാബുവിനെയും ബിജെപി സംസ്ഥാന സമിതിയില്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇരുവരെയും സംസ്ഥാന സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തത്.
സിപിഎം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറിയാണ് മധു മുല്ലശ്ശേരി. മൂന്നാം തവണയും മംഗലപുരം ഏരിയ സെക്രട്ടറി സ്ഥാനം കിട്ടാതായതോടെയാണ് മധു മുല്ലശ്ശേരി ഏരിയ സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയത്. ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ ഗുരുതരാരോപണങ്ങളും ഉന്നയിച്ചിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അടക്കമുള്ളവര്‍ മധുവിന്റെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു.
തൊട്ടുപിന്നാലെ ബിജെപിയില്‍ ചേരുന്നതായി മധു മുല്ലശ്ശേരി പ്രഖ്യാപിച്ചിരുന്നു. മുല്ലശ്ശേരിയുടെ മകനും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ മിഥുനും മകളും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗമായിരുന്നു ബിപിന്‍ സി ബാബു. സിപിഎം ആലപ്പുഴ ജില്ലയില്‍ വിഭാഗീയത പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമ്പോഴാണ് പ്രധാന നേതാവായ ബിപിന്‍ സി ബാബു പാര്‍ട്ടി വിട്ടത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന്‍ അംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, കേരള സര്‍വകലാശാല സെനറ്റ് അംഗം എന്നീ പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. പാര്‍ട്ടിവിട്ടതിന് പിന്നാലെ ഭാര്യയുടെ സ്ത്രീധന പീഡന പരാതിയില്‍ ബിപിന്‍ സി ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.