തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍. കണ്ണിനു സമീപത്തും ശരീരത്തില്‍ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റതിനു സമാനമായ പാടുകള്‍ ഉണ്ടെന്ന് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകത്തിന് കേസെടുത്ത് അന്വേഷിക്കണമെന്നും ഇന്ദുജയുടെ ബന്ധുക്കള്‍ പറഞ്ഞു. ഭര്‍തൃവീട്ടില്‍ ഇന്ദുജയ്ക്ക് മര്‍ദനമേറ്റിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.
നാലു മാസം മുന്‍പാണ് ഇന്ദുജയെ അഭിജിത് വീട്ടില്‍നിന്നു വിളിച്ച് ഇറക്കിക്കൊണ്ടുപോയതെന്നും കഴിഞ്ഞയാഴ്ച ഇന്ദുജ വീട്ടിലെത്തിയപ്പോള്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു. മകളെ അഭിജിത് ഉപദ്രവിച്ച് കെട്ടിത്തൂക്കി കൊന്നുവെന്നും പിതാവ് ആരോപിച്ചു. കൊലപാതകത്തിന് കേസെടുത്ത് അന്വേഷിക്കണം. പഠിപ്പിച്ച് മകളെ നല്ല രീതിയിലാണ് വളര്‍ത്തിയത്. പല വിവാഹാലോചനകളും വന്നിരുന്നു. അഭിജിത് അതെല്ലാം മുടക്കി. വിവാഹം കഴിച്ച് വീട്ടില്‍ എത്തിയിട്ടും അഭിജിത്തിന്റെ അമ്മ അംഗീകരിച്ചിരുന്നില്ല. അവള്‍ക്കു വീട്ടില്‍ സ്ഥാനമില്ലെന്നാണ് പറഞ്ഞത്. അവരെല്ലാം ചേര്‍ന്നാണ് മകളെ ഉപദ്രവിച്ചതെന്നും ഇന്ദുജയുടെ പിതാവ് പറഞ്ഞു.
ചേച്ചി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇന്ദുജയുടെ സഹോദരന്‍ ഷിനു പറഞ്ഞു. അഭിജിത്തിന്റെ വീട്ടിലേക്ക് പോയിട്ട് നാലു മാസമേ ആയിട്ടുള്ളൂ. ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ വീട്ടിലേക്കു വിളിച്ചു പറയുമായിരുന്നു. കുടുംബത്തിന് പലകാര്യങ്ങളിലും സംശയമുണ്ട്. ഇതിലും വലിയ പ്രശ്നങ്ങള്‍ ചേച്ചി മറികടന്നിട്ടുണ്ട്. ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. ഞങ്ങള്‍ അങ്ങോട്ടു ചെല്ലുന്നതും ചേച്ചി ഇങ്ങോട്ടു വരുന്നതും അവര്‍ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഷിനു പഞ്ഞു.
പാലോട് ഇടിഞ്ഞാര്‍ കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജയെ ആണ് വെള്ളിയാഴ്ച ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിജിത് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് രണ്ടാംനിലയിലെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടത്. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാര്‍ഗമധ്യേ മരണം സംഭവിച്ചുവെന്നാണ് പറയുന്നത്. രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്ന ഇന്ദുജയും അഭിജിത്തും നാലുമാസം മുന്‍പാണ് വിവാഹിതരായത്. വീട്ടുകാരുടെ എതിര്‍പ്പുകാരണം ഇന്ദുജയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്ഷേത്രത്തില്‍വച്ച് താലിചാര്‍ത്തി ഒന്നിച്ചു താമസിക്കുകയായിരുന്നു.