പത്തനംതിട്ട: വൈദികനാണെന്നും, പള്ളിയില്‍നിന്ന് ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞ് വീട്ടില്‍ക്കയറി പ്രാര്‍ഥിച്ചശേഷം വയോധികയുടെ മാലയും പൊട്ടിച്ച് കടന്നുകളഞ്ഞയാള്‍ പിടിയിലായി.
തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണംകോട്ടേജില്‍ ഷിബു എസ്. നായരെയാണ് (47) അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്. വിവിധ ജില്ലകളിലായി 36 കേസില്‍ പ്രതിയാണ്. പിടികൂടി സ്റ്റേഷനിലെ ലോക്കപ്പിലെത്തിച്ചയുടന്‍ വിസര്‍ജനം നടത്തിയ ഇയാള്‍ പോലീസിനുനേരേ മലം വാരിയെറിയുകയും ചെയ്തു. ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു.
ഏനാദിമംഗലം ചാങ്കൂര്‍ തോട്ടപ്പാലം പാലത്തിങ്കല്‍ മഞ്ജുസദനത്തില്‍ മറിയാമ്മയുടെ സ്വര്‍ണമാലയാണ് പൊട്ടിച്ചത്. 2024 ഓഗസ്റ്റില്‍ തൃശ്ശൂരില്‍ അപകടത്തില്‍ പരിക്കേറ്റ ഷിബുവിനെ ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ നഴ്സിന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി. ഈ കേസില്‍ ജയിലിലായിരുന്നു. ഒക്ടോബര്‍ 30-നാണ് പുറത്തിറങ്ങിയത്.
നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12-നാണ് മറിയാമ്മയുടെ വീട്ടില്‍ ഷിബു എത്തിയത്. പള്ളിയില്‍നിന്ന് മകള്‍ മോളിക്ക് ഒരു ലോണ്‍ അനുവദിച്ചതായി ഇവരോട് പറഞ്ഞു. തുടര്‍നടപടികള്‍ക്കായി ആയിരം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇതുകേട്ട മറിയാമ്മ വീടിനുള്ളില്‍ച്ചെന്ന് രൂപ എടുത്തുകൊണ്ടുവരുമ്പോള്‍ അത് തട്ടിപ്പറിച്ചശേഷം കഴുത്തില്‍ക്കിടന്ന സ്വര്‍ണമാലയും പൊട്ടിച്ച് ഓടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മറിയാമ്മയുടെ മകള്‍ മോളി തൊഴിലുറപ്പ് പണിക്ക് പോയിരിക്കുകയായിരുന്നു. മുണ്ടക്കയത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.