ന്യൂഡല്‍ഹി: ബലാത്സംഗ ഭീഷണിമുഴക്കിയ ബിജെപി നേതാവിന്റെ മുഖത്തടിച്ച മഹിളാ കോണ്‍ഗ്രസ് നേതാവിനെ യുപി പൊലീസ് വേട്ടയാടുന്നുവെന്ന് പരാതി. മഹിളാ കോണ്‍ഗ്രസ് നേതാവായി രോഷ്നി ജയ്സ്വാളാണ് ബിജെപി നേതാവായ രാജേഷ് സിങ്ങിനെ വീട്ടില്‍കയറി അടിച്ചത്. നാല് വര്‍ഷത്തോളമായി രാജേഷ് സിങ് ഭീഷണി മുഴക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷ അല്‍കാ ലംബ ആരോപിച്ചു.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി കൂട്ട ബലാത്സംഗത്തിനിരയായി. ബിജെപി നേതാക്കളായിരുന്നു കേസിലെ പ്രതികള്‍. അവരെ വെറുതെ വിട്ടതിനെതിരെ ശബ്ദമുയര്‍ത്തിയതാണ് രോഷ്നി ചെയ്ത തെറ്റ്. ഉത്തര്‍പ്രദേശിലെ മുഴുവന്‍ സ്ത്രീകളുടെയും ശബ്ദമായാണ് രോഷ്നി സംസാരിച്ചത്. അതിന്റെ പ്രത്യാഘാതങ്ങളാണ് അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അല്‍കാ ലംബ പറഞ്ഞു.
രാജേഷ് സിങ്ങിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പരിശോധിച്ചാല്‍ സ്ത്രീകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയതിന്റെ പൂര്‍ണമായ തെളിവുകള്‍ കിട്ടും. കഴിഞ്ഞ നാല് വര്‍ഷമായി രാജേഷ് സിങ് തുടര്‍ച്ചയായി രോഷ്നിയെ ഭീഷണിപ്പെടുത്തുകയാണ്. ജില്ലാ മജിസ്ട്രേറ്റിന് പരാതി കൊടുത്തിട്ട് പോലും നടപടിയൊന്നുമുണ്ടായില്ല. സഹികെട്ടാണ് ഭര്‍ത്താവിനെയും സഹോദരനേയും കൂട്ടി രാജേഷ് സിങ്ങിന്റെ വീട്ടിലെത്തിയത്. പൊലീസിന്റെ നിഷ്‌ക്രിയത്വം മൂലമാണ് രോഷ്നിക്ക് നേരിട്ട് ഇടപെടേണ്ടിവന്നത്. രാജേഷ് സിങ്ങിനെതിരെ ഒരു നടപടിയുമെടുക്കാത്ത പൊലീസ് ഇപ്പോള്‍ രോഷ്നിയെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും അല്‍ക ലംബ പറഞ്ഞു.
രോഷ്നിയുടെ ഭര്‍ത്താവിനെയും സഹോദരനെയും നാല് കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രോഷ്നിയുടെ സ്വത്ത് കണ്ടുകെട്ടാനും തീരുമാനിച്ചിട്ടുണ്ട്. തെറ്റ് ചെയ്ത രാജേഷ് സിങ് സ്വതന്ത്രനായി വിഹരിക്കുമ്പോള്‍ രോഷ്നി സിങ്ങിന് തന്റെ ഒമ്പത് വയസുകാരനായ മകനെയും മാതാപിതാക്കളെയും കൊണ്ട് അഭയം തേടി അലയേണ്ട അവസ്ഥയാണെന്നും അല്‍ക ലംബ പറഞ്ഞു.