കൊച്ചി: മലയാള സിനിമയില്‍ ഒരുകാലത്ത് അടക്കിവാണ നടനായിരുന്നു ദിലീപ്. ജനപ്രിയ സിനിമകളുടെ മേക്കറായ ദിലീപ് അന്ന് സിനിമാ നിര്‍മാണത്തിലും വിതരണത്തിലും അടക്കം എല്ലാം മേഖലയിലും കൈവെച്ചു. ഒരു ഘട്ടത്തില്‍ സൂപ്പര്‍താര സിനിമകളേക്കാള്‍ പണം വാരിയ ചിത്രങ്ങളായി ദിലീപിന്റെ ചിത്രങ്ങള്‍ മാറിയിരുന്നു. എന്നാല്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ അദ്ദേഹത്തിന്റെ പതനം തുടങ്ങി. സിനിമകളെല്ലാം തുടര്‍ച്ചയായി പരാജയപ്പെട്ടു. താരത്തിന്റെ കരിയര്‍ വലിയൊരു പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്. സിനിമയില്‍ ദിലീപ് നേരിട്ടതിന് സമാനമായ പ്രതിസന്ധിയാണ് ബലാത്സംഗ കേസില്‍ പ്രതിയായതോടെ നടന്‍ സിദ്ധിഖും നേരിടുന്നത്.
യുവാക്കളെന്നോ സീനിയര്‍ താരങ്ങളെന്നോ വലുപ്പച്ചെറുപ്പമില്ലാതെ മലയാളത്തിലെ എല്ലാ തലമുറക്കൊപ്പവും ഇടംപിടിക്കുന്ന താരമായിരുന്നു സിദ്ധിഖ്. നായകനെന്നോ വില്ലനെന്നോ സ്വഭാവ നടനെന്നോ വ്യത്യാസമില്ലാതെ എല്ലാ വേഷങ്ങളും തേടി എത്തിയിരുന്ന സിദ്ധിഖിന്റെ സിനിമാ ജീവിതം വന്‍ പ്രതിസന്ധിയിലാണ് ഇപ്പോള്‍. അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയതിന് ശേഷമായിരുന്നു താരത്തിന്റെ പതനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിദ്ധിഖിനെ സിനിമകളില്‍ നിന്നും ഒഴിവാക്കി തുടങ്ങി. ഇതോടെ താരത്തിന്റെ ഭാവി സിനിമാ ജീവിതത്തെ പ്രതിസന്ധി തുറച്ചു നോക്കുകയാണ്.
ബലാത്സംഗ കേസ് നിര്‍ണായക ഘട്ടത്തിലേക്ക് കടന്നതോടെ ഒറ്റയടിക്ക് മൂന്ന് സിനിമകളില്‍ നിന്നാണ് സിദ്ധിഖ് ഒഴിവാക്കപ്പെട്ടത്. സിദ്ധിഖിന് നിര്‍ണായക റോളുള്ള ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമകളിലും പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിനിമ റിലീസ് ചെയ്താല്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്നും സൂചനയുണ്ട്. വിനോദ് രാമന്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമായ ‘മ്ലേച്ഛനി’നില്‍ നിന്നും സിദ്ധിഖിനെ ഒഴിവാക്കിയിട്ടുണ്ട്. ആടുജീവിതത്തിലെ ഗോകുലാണ് സിനിമയിലെ നായകന്‍.
സിദ്ധിഖിന്റെ തിരക്കുകള്‍ കാരണം നേരത്തെ ഷൂട്ടിംഗ് വൈകിയിരുന്നു. സിനിമക്കായി 5 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങുകയും ചെയ്തിരുന്നു. ഇപ്പോള്‍ സിദ്ധിഖ് ഈ സിനിമയില്‍ നിന്നു ഒഴിവാക്കപ്പെട്ടപ്പോള്‍ പകരം എത്തിയത് ഷമ്മി തിലകനാണ്. അജു വര്‍ഗീസിനെ നായകനാക്കി സാലോണ്‍ സൈമണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പടക്കുതിര. ഈ സിനിമയില്‍ നിന്നും സിദ്ധിഖ് ഒഴിവാക്കപ്പെട്ടു. സിനിമയുടെ ഷൂട്ടിംഗ് തീയ്യതി നീട്ടിവെച്ചെന്ന് അറിയിച്ചത്. സിനിമയില്‍ സിദ്ധിഖിന് പകരക്കാരനായി രഞ്ജി പണിക്കരാണ് എത്തിയത്.
എമ്പുരാനു ശേഷം മുരളി ഗോപിയുടെ സ്‌ക്രിപ്റ്റില്‍ ജി എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും സിദ്ധിഖ് ഒഴിവാക്കിയിട്ടുണ്ട്. സിദ്ധിഖ് പങ്കെടുത്ത ഷൂട്ടിംഗ് മൂന്ന് ദിവസം തമിഴ്നാട് രാമനാഥപുരത്ത് നടന്നിരുന്നു. ആര്യ നായകനാകുന്ന ഈ സിനിമ വിവിധ ഭാഷകളില്‍ പുറത്തിറക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ടിയാന്‍ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെന്‍ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. എന്നാല്‍ ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ നിന്നും സിദ്ദിഖിനെ ഒഴിവാക്കിയത്. ഇത് വലിയ തിരിച്ചടിയാണ് നടന്റെ സിനിമാ കരിയറിന് തന്നെ.
ഇതോടൊപ്പം ദിലീപ് നായകനാകുന്ന 150 ാം ചിത്രത്തിലും മുഖ്യറോളില്‍ സിദ്ധിഖ് ഉണ്ടായിരുന്നു. തമിഴ്നാട്ടിലും കേരളത്തിലുമായി സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. ഈ സിനിമയുടെ നിര്‍ണായക സമയത്താണ് സിദ്ദിഖിനെതിരെ കേസടുക്കുന്ന സാഹചര്യം ഉണ്ടായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളിയതോടെ ഈ ദിലീപ് ചിത്രവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ദിലീപിന്റെ സിനിമാ ജീവിതത്തിലെ നിര്‍ണായക ചിത്രമായാണ് ഇത് വിലയിരുത്തപ്പെട്ടത്. നടിയെ ആക്രമിച്ച കേസിലെ തുടര്‍ചലനങ്ങള്‍ക്കൊപ്പം സിദ്ധിഖിന്റെ കേസും കൂടിയാകുമ്പോള്‍ ഈ ബിഗ് ബജറ്റ് ചിത്രം വന്‍ പ്രതിസന്ധിയിലാണ്.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയില്‍ ഇപ്പോള്‍ തന്നെ പ്രതിസന്ധികള്‍ നിരവധിയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം റിലീസ് മാറ്റിവെക്കുന്ന അവസ്ഥയിലാണ്. ഓണത്തിന് ആസിഫലി നായകനായ കിഷ്‌കിന്ധാകാണ്ഡവും ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണവുമാണ് തീയറ്ററുകളില്‍ ആളുകളെ എത്തിച്ചത്. ഇതോടെയാണ് ഇടക്കാല പ്രതിസന്ധിയില്‍ നിന്നും താല്‍ക്കാലികമായി മലയാളം സിനിമ കരകയറിയത്. ഇതിനിടെയാണ് സിദ്ധിഖിന്റെ അറസ്റ്റ് മലയാള സിനിമക്ക് പ്രതിസന്ധി തീര്‍ക്കുന്നത്.
സുപ്രീംകോടതിയില്‍ നിന്നും നടന് ജാമ്യം ലഭിച്ചാലും താരത്തിന് ഉടന്‍ അവസരങ്ങള്‍ ലഭിക്കുമോ എന്നതില്‍ ആശങ്കകല്‍ നിലനില്‍ക്കുന്നു. ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ സിദ്ധിഖിന്റെ സിനിമാ കരിയര്‍ വന്‍ പ്രതിസന്ധിയെ നേരിടുകയാണ്. അതേസമയം ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നിര്‍മാതാക്കള്‍ മലയാളത്തില്‍ പണം മുടക്കാത്തതും പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ട്. വിവാദത്തില്‍ അകപ്പെട്ടവരെ ഉള്‍പ്പെടുത്തിയുള്ള പരസ്യങ്ങള്‍ ഒട്ടുമിക്ക ബ്രാന്‍ഡുകളും പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെ പുതുതായി തുടങ്ങാനിരുന്ന ചില പ്രൊജക്ടുകളും അനിശ്ചിതത്വത്തിലായി. സിനിമയില്‍ പണംമുടക്കുന്നത് ബുദ്ധിയല്ലെന്ന തിരിച്ചറിവാണ് പുതുമുഖ നിര്‍മാതാക്കളെ അകന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.
സിനിമയോടുള്ള താല്പര്യത്താല്‍ പണംമുടക്കിയിരുന്ന പ്രവാസികള്‍ അടക്കമുള്ളവരാണ് പുതിയ വിവാദത്തോടെ പിന്തിരിഞ്ഞു നില്‍ക്കുന്നത്. 2023ല്‍ 160ലേറെ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ഇതില്‍ ഒട്ടുമിക്ക സിനിമകളുടെയും നിര്‍മാതാക്കള്‍ പുതിയ ആളുകളായിരുന്നു. വിദേശ മലയാളികള്‍ക്കിടയില്‍ സിനിമ നിര്‍മാണം വലിയ ട്രെന്‍ഡായി മാറിയിരുന്നു. നിര്‍മാണത്തിലേക്ക് ഇറങ്ങിയ പലര്‍ക്കും കൈപൊള്ളുകയും ചെയ്തു.
നിര്‍മാതാക്കളുടെ പിന്മാറ്റം കൂടുതല്‍ ബാധിക്കുന്നത് ലോ ബജറ്റ് ചിത്രങ്ങളെയാണ്. പുതുമുഖങ്ങളെ മുഖ്യ കഥാപാത്രങ്ങളാക്കി ഷൂട്ടിംഗ് തിയതി വരെ നിശ്ചയിച്ചിരുന്ന മൂന്നോളം സിനിമകള്‍ അനിശ്ചിതമായി നീട്ടിവച്ചിട്ടുണ്ട്. പുതിയ ചിത്രങ്ങള്‍ക്കായുള്ള ചര്‍ച്ചകളും മരവിച്ച അവസ്ഥയിലാണ്. പുതിയ വിവാദങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നില്‍ക്കുന്നവര്‍ക്ക് വലിയ പ്രശ്‌നം സൃഷ്ടിക്കില്ലെങ്കിലും പുതുമുഖങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
2024ന്റെ തുടക്കത്തില്‍ തുടര്‍ച്ചയായി ഹിറ്റുകളുമായി മലയാള സിനിമ കുതിപ്പിലായിരുന്നു. ആദ്യത്തെ നാലു മാസം കൊണ്ട് 800 കോടി രൂപയിലധികം വാരിക്കൂട്ടാന്‍ സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ തലകീഴായി മറിയുകയായിരുന്നു. വയനാട് ദുരന്തവും തൊട്ടുപിന്നാലെ ഹേമ കമ്മിറ്റി വെളിപ്പെടുത്തലും വന്നതോടെ കാര്യങ്ങള്‍ മാറി.