LIFELife Style

മക്കളുടെ കല്യാണം പള്ളിയില്‍ വെച്ച് നടത്തില്ലെന്ന് പറഞ്ഞു! അപ്പച്ചന്‍ ശബരിമലയ്ക്ക് പോയ കഥ പറഞ്ഞ് ബീന ആന്റണി

ചെറിയ പ്രായത്തില്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങി ഇപ്പോള്‍ സീരിയലില്‍ സജീവമായിരിക്കുകയാണ് നടി ബീന ആന്റണി. കൈനിറയെ അവസരങ്ങള്‍ തേടി എത്തി നില്‍ക്കുന്ന കാലത്തായിരുന്നു നടന്‍ മനോജ് കുമാറുമായിട്ടുള്ള നടിയുടെ വിവാഹം. പിന്നീടുള്ള ജീവിതത്തെ പറ്റി മുന്‍പ് പല അഭിമുഖങ്ങളിലൂടെയും ബീന പറഞ്ഞിട്ടുണ്ട്.

തന്റെ മുന്‍കാല ജീവിതത്തെ കുറിച്ച് പറയുമ്പോള്‍ പിതാവ് ആന്റണിയെ കുറിച്ചും നടി പറയാറുണ്ട്. കര്‍ക്കാശ്യക്കാരനായ പിതാവ് ആയിരുന്നുവെന്നും അദ്ദേഹം ഹിറ്റ്ലര്‍ മാധവന്‍കുട്ടിയെ പോലെയാണ് മൂന്ന് പെണ്‍മക്കളെ സംരക്ഷിച്ചിരുന്നതെന്നും പറയുകയാണ് ബീനയിപ്പോള്‍.

Signature-ad

ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ബീന ആന്റണി. ഒപ്പം നടിയും മിമിക്രി താരവുമായ തെസ്നി ഖാനും ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് പരിപാടികളില്‍ പങ്കെടുത്തതിനെ പറ്റിയും ബീനയുടെ വീട്ടില്‍ സ്ഥിരമായി പോവുന്നതിനെ പറ്റിയുമൊക്കെ അവതാരകന്റെ ചോദ്യത്തിന് തെസ്നിയും മറുപടിയായി പറയുന്നു.

കിടിലം ആന്റണി എന്നായിരുന്നു എന്റെ അപ്പച്ചന്റെ വിളിപ്പേര്. ജീവിതത്തില്‍ ഒരു അമ്പത് തവണയേ ഞാന്‍ അപ്പാച്ചാ എന്ന് വിളിച്ചിട്ടുണ്ടാവുകയുള്ളു. കാരണം അത്രയും പേടിയായിരുന്നു. അപ്പച്ചന്‍ അടുത്ത മുറിയിലുണ്ടെങ്കില്‍ ഇപ്പുറത്ത് നിന്ന് ഞങ്ങള്‍ വിറയ്ക്കുമായിരുന്നു. എന്നാല്‍ തെസ്നി വളരെ കൂളായി അപ്പച്ചനെ വിളിച്ചോണ്ട് വീട്ടിലേക്ക് വരും. അദ്ദേഹത്തിനും ഇവളെ ഇഷ്ടമായിരുന്നു.

അപ്പച്ചന്‍ ഭയങ്കര സ്ട്രിക്ടായിരുന്നു. തെസ്നി അല്ലാതെ ആരും തന്റെ വീട്ടില്‍ വന്നിട്ടില്ല. മഞ്ഞുമ്മലുള്ള പിള്ളേര്‍ ആരും എന്നെയും സഹോദരിമാരെയും വായിനോക്കാന്‍ പോലും ശ്രമിച്ചിട്ടില്ല. അപ്പച്ചനെ അത്രയും പേടിയായിരുന്നു. ഭയങ്കര ദേഷ്യക്കാരനാണ്. മൂന്ന് തവണ വീട്ടില്‍ നിന്നും കെട്ട് നിറച്ച് ശബരിമലയ്ക്കും ആള് പോയിട്ടുണ്ട്. നാല്‍പത് ദിവസത്തെ വ്രതസമയം ഞങ്ങളും നോക്കണമായിരുന്നു.

അത് പള്ളിക്കാര് അറിഞ്ഞിട്ട് ഭയങ്കര പ്രശ്നമായി. ഇനി മേലാല്‍ ആന്റണി ഇങ്ങനെ ചെയ്താല്‍ വീട്ടിലുള്ള ഒറ്റയൊരണ്ണത്തിനെ പള്ളിയിലും കേറ്റില്ല, പിള്ളേരെ പള്ളിയില്‍ നിന്നും കല്യാണം കഴിപ്പിക്കില്ലെന്നും പറഞ്ഞു. പുള്ളിക്കാരന്‍ അയ്യേ, വേണ്ടേ എന്നാണ് മറുപടിയായി പറഞ്ഞത്. നിങ്ങളാരും എന്റെ മക്കളെ കെട്ടിക്കേണ്ടെന്നും അവര്‍ ഇഷ്ടമുള്ളത് പോലെ ജീവിച്ചോളുമെന്നുമാണ് അപ്പച്ചന്‍ പറഞ്ഞത്.

ഇതിനിടയില്‍ തനിക്കൊരു പ്രണയലേഖനം കിട്ടിയ കഥയുണ്ടെന്നും ബീന ആന്റണി പറയുന്നു. കോളേജില്‍ പഠിക്കുമ്പോഴാണ്. അവിടെയുള്ളൊരു പയ്യന്‍ സ്ഥിരമായി എന്നെ നോക്കുന്നുണ്ടായിരുന്നു. ഒരു ദിവസം എനിക്കൊരു കത്ത് തന്നു. ഞാനത് എന്നും ബാത്ത്റൂമില്‍ കൊണ്ട് പോയിട്ട് എടുത്ത് വായിക്കും. പക്ഷേ ആ പ്രണയം അധികകാലമൊന്നും പോയിട്ടില്ലെന്നും ബീന പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ബീന ആന്റണിയുടെ പിതാവിന്റെ ഓര്‍മ്മദിനം. ഇരുപത് വര്‍ഷം മുന്‍പാണ് നടിയ്ക്ക് പിതാവിനെ നഷ്ടപ്പെടുന്നത്. എന്നും ശക്തിയായി അപ്പച്ചന്‍ കൂടെ ഉണ്ടാവണമെന്നും തങ്ങളുടെ മക്കള്‍ക്കാണ് അപ്പച്ചനെ ഏറ്റവുമധികം മിസ് ചെയ്യുന്നതെന്നും നടി പറഞ്ഞിരുന്നു. അപ്പച്ചനെ കാണാന്‍ തന്റെ മകന് ഒട്ടും ഭാഗ്യം കിട്ടിയില്ലെന്നും അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമെന്നും ബീന സൂചിപ്പിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: