IndiaNEWS

ഇന്ത്യയിലെ ഒരു പ്രദേശത്തെയും പാകിസ്ഥാനെന്ന് വിളിക്കാനാവില്ലെന്ന് സുപ്രീംകോടതി; ഖേദം പ്രകടിപ്പിച്ച് ഹൈക്കോടതി ജഡ്ജി

ന്യൂഡല്‍ഹി: കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പാകിസ്ഥാന്‍ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഇന്ത്യയുടെ ഒരു ഭാഗത്തെയും നിങ്ങള്‍ക്ക് പാകിസ്ഥാന്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വാക്കാല്‍ പറഞ്ഞു. അടിസ്ഥാനപരമായി രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏതെങ്കിലും വിഭാഗത്തിന് എതിരായതും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. തുറന്ന കോടതിയില്‍ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ ഖേദം പ്രകടിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ മറ്റ് നടപടികള്‍ വേണ്ടെന്നും സുപ്രീംകോടതി തീരുമാനിച്ചു.

ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ ബംഗളൂരുവിലെ ഒരു പ്രദേശത്തെ പാകിസ്ഥാന്‍ എന്ന് വിളിക്കുകയും ഒരു അഭിഭാഷകയെ കുറിച്ച് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുകയും ചെയ്ത സംഭവത്തിലാണ് സുപ്രീംകോടതി സ്വമേധയാ ഇടപെട്ടത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് ഖന്ന, ബി ആര്‍ ഗവായ്, എസ് കാന്ത്, എച്ച് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജഡ്ജിയുടെ പരാമര്‍ശത്തെ കുറിച്ച് കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയത്.

Signature-ad

‘മൈസൂരു റോഡിലെ മേല്‍പ്പാലത്തില്‍ പോയാല്‍ ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ എത്തുക ഇന്ത്യയില്‍ അല്ല പാകിസ്ഥാനിലാണ്. അവിടെ നിയമം ബാധകമല്ല എന്നതാണ് യാഥാര്‍ത്ഥ്യം’- എന്ന് വാദം കേള്‍ക്കുന്നതിനിടെ ജഡ്ജി പറയുന്ന വീഡിയോ പുറത്തു വന്നിരുന്നു. മറ്റൊരു സന്ദര്‍ഭത്തില്‍ അഭിഭാഷകയോട് ഒരു വാദത്തിനിടെ ഇതേ ജഡ്ജി പറഞ്ഞത് ഇങ്ങനെയാണ്- എതിര്‍കക്ഷിയെ കുറിച്ച് എല്ലാം അറിയാമെന്ന് തോന്നുന്നല്ലോ. അടിവസ്ത്രത്തിന്റെ നിറം പോലും വെളിപ്പെടുത്താന്‍ കഴിയുമെന്ന് തോന്നുന്നു’. ഈ രണ്ട് പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ജഡ്ജിമാര്‍ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ഏതെങ്കിലും വിഭാഗത്തിനെതിരായതോ സ്ത്രീവിരുദ്ധമായതോ ആയ പരാമര്‍ശങ്ങള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ബെഞ്ച് നിര്‍ദേശം നല്‍കി. ജസ്റ്റിസ് ശ്രീശാനന്ദയുടെ നിരീക്ഷണങ്ങള്‍ വിഷയവുമായി ബന്ധമില്ലാത്തതാണെന്ന് കര്‍ണാടക ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പറഞ്ഞു.

 

Back to top button
error: